ന്യൂദല്‍ഹി- രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കെ കടുത്ത തൊഴിലാളി വിരുദ്ധ നിക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന നിലവിലെ തൊഴില്‍ ചട്ടങ്ങളില്‍ ഭേഗദതി വരുത്തി കരാര്‍ ജോലികളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ എല്ലാ വ്യവസായ മേഖലകളിലും ഇനി പരിമിതകാല കരാര്‍ ജോലികളെ പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്ന രീതിയിലാണ് ദുരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള സര്‍ക്കാരിന്റെ നിലപാടു മാറ്റം. ഇതു സംബനധിച്ച് മാര്‍ച്ച് 16-ന് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.
ഇതു പ്രകാരം മുന്നറിയിപ്പില്ലാതെ കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ കമ്പനികള്‍ക്കു കഴിയും. കരാറുകള്‍ ഒരു മാസത്തേക്കോ ഒരാഴ്ചത്തേക്കോ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ പ്രൊജക്ട് കാലാവധി തീരുന്നതു വരേയോ ആകാം.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പെ പരാജയമാണെന്ന നിരന്തര വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണിത്. കരാര്‍ ജോലികള്‍ പ്രോത്സാഹിപ്പിക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ കോടിക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയേയും ആനുകൂല്യങ്ങളേയും ഇതു ദോഷകരമായി ബാധിക്കും.