ഇസ്്‌ലാമാബാദ്- പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാന് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വവും നാടകീയതയും. ചർച്ച നടക്കുന്നതിനിടെ പാക് പാർലമെന്റ് സ്പീക്കർ രാജിവച്ചു. രാത്രി ചേർന്ന യോഗത്തിനിടെയാണ് അപ്രതീക്ഷിതമായി സ്പീക്കർ രാജി പ്രഖ്യാപിച്ചത്. പ്രമേയം ശനിയാഴ്ച ചർച്ച ചെയ്യാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും മണിക്കൂറുകൾ ചർച്ച നടത്തിയിട്ടും വോട്ടെടുപ്പിലേക്ക് നീങ്ങിയില്ല. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ ഇംറാൻ ഖാൻ വീട്ടിൽ തന്നെ തുടരുകയാണ്. രാത്രി സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ ഇംറാൻ ഖാനുമായി ചർച്ച നടത്തി. ഇത് വീണ്ടും അഭ്യൂഹങ്ങളുണ്ടാക്കി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്ന്(ശനിയാഴ്ച) രാവിലെ മുതൽ പാർലമെന്റിൽ തുടങ്ങിയ അവിശ്വാസ പ്രമേയത്തിലെ ചർച്ചയിൽ വോട്ടെടുപ്പ് രാത്രി വൈകിയും നടന്നില്ല. ഇതിനിടെ പ്രത്യേക മന്ത്രിസഭ യോഗം ഇംറാൻ ഖാൻ വിളിച്ചതോടെ വീണ്ടും അനിശ്ചിതത്വം ഉരുണ്ടുകൂടി. കാബിനറ്റ് സമ്മേളനത്തിനൊടുവിലാണ് ഇംറാൻ ഖാനുമായി സൈനിക മേധാവി കൂടിക്കാഴ്ച നടത്തിയത്. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സാണ് പ്രധാനമന്ത്രി-സൈനിക മേധവി ചർച്ചക നടന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. പാർലമെന്റിൽ ചർച്ച നടക്കുന്നതിനിടെയാണ് ഇംറാൻ ഖാൻ മന്ത്രിസഭ യോഗം വിളിച്ചത്. യോഗത്തിന്റെ അജണ്ട എന്താണെന്ന് അറിയില്ലെന്ന് ചില മന്ത്രിമാർ പറഞ്ഞു.