ന്യൂദൽഹി- പാക് പ്രധാനമന്ത്രി പദത്തിൽനിന്ന് ഇംറാൻ ഖാനെ നീക്കുന്നതിനുള്ള വിശ്വാസവോട്ടെടുപ്പിൽ പാർലമെന്റിൽ ചർച്ച തുടങ്ങി. ഇംറാൻ ഖാൻ പാർലമെന്റിൽ എത്തിയിട്ടില്ല. അവിശ്വാസ പ്രമേയം പാസാകുകയാണെങ്കിൽ പാക്കിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാകും ഇംറാൻ ഖാൻ. അതേസമയം, ഇംറാൻ ഖാൻ പാർലമെന്റിൽ എത്തിയിട്ടില്ല. നിലവിൽ ഇംറാൻ ഖാന് 164 പേരുടെ പിന്തുണയാണുള്ളത്. അതേസമയം, വിശ്വാസവോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. രാവിലെ തുടങ്ങിയ ചർച്ച ഇടയ്ക്ക് കനത്ത ബഹളം കാരണം നിർത്തിവെച്ചിരുന്നു. ഒന്നരമണിക്കൂറിന് ശേഷമാണ് സഭ വീണ്ടും ചേർന്നത്. പ്രധാന സഖ്യകക്ഷി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഇംറാൻ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു. 172 പേരുടെ പിന്തുണ പ്രതിപക്ഷത്തിനുണ്ട് എന്നാണ് അവകാശവാദം. ആകെ 342 സീറ്റുകളാണ് പാക് പാർലമെന്റിലുള്ളത്. ഇന്നലെ രാത്രി രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ ഇറക്കുമതി സർക്കാറിനെ അംഗീകരിക്കില്ലെന്ന് ഇംറാൻ ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ചർച്ച തുടരുകയാണ്.