Sorry, you need to enable JavaScript to visit this website.

ദിലീപ് നശിപ്പിച്ചതില്‍ ഇറാന്‍കാരനുമായുള്ള  വാട്‌സ്ആപ്പ് ചാറ്റുകളും - ക്രൈംബ്രാഞ്ച് 

കൊച്ചി- ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 വാട്‌സ്ആപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശി ഗോള്‍സണിന്റെ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇയാള്‍ ദിലീപിന്റെ നിരവധി സിനിമകള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇയാളുമായുള്ള ദിലീപിന്റെ ഇടപാടും ക്രൈംബ്രാഞ്ച്  അന്വേഷിച്ചു വരികയാണ്.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ ഉണ്ടെന്നുള്ളതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.
നിര്‍ണായക ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നും, അതോടൊപ്പം ഫൊറന്‍സിക് പരിശോധനാഫലം മുഴുവന്‍ ലഭിച്ചശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച്  കോടതിയെ അറിയിച്ചു. കാവ്യ മാധവന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അടുത്ത ആഴ്ച നാട്ടിലെത്തുമെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.ദിലീപും കൂട്ടുപ്രതികളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. മൊബൈല്‍ ഫോണുകളില്‍ 11161 വീഡിയോകളും 11238 ശബ്ദസന്ദേശങ്ങളും കണ്ടെത്തി. രണ്ടു ലക്ഷത്തിലധികം ചിത്രങ്ങള്‍, 1597 രേഖകള്‍ എന്നിവയും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച ആറു മൊബൈല്‍ ഫോണുകളില്‍ മൂന്നെണ്ണം ദിലീപിന്റേതാണ്.

 

Latest News