ന്യൂദല്‍ഹി- ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ താക്കീത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. പൊതുതെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനി അഞ്ച് കോടിയിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് കമ്പനിക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
അന്വേഷണം നേരിടുന്ന കേംബ്രിഡ്ജ് അനലറ്റിക്കയാണ്് യുപിഎക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികളുടെ ഇടപെടലുമായി ബന്ധപ്പെട്ടും ഫെയ്സ്ബുക്ക് നേരത്തെ പ്രതിക്കൂട്ടിലായിരുന്നു.
ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ വിവരങ്ങള്‍ കൈക്കലാക്കിയ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ താല്‍പര്യങ്ങളും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ട്രംപ് പക്ഷത്തെ സഹായിച്ചുവെന്നാണ് ആരോപണം.