ലണ്ടന്‍-ജനപ്രിയ മെസേജ് സേവനമായ വാട്ട്‌സാപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്്ഷനും ഡിലീറ്റ് ഫെയ്‌സ്ബുക്ക് പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ജനവിധി ഡോണള്‍ഡ് ട്രംപിന് അനുകൂലമാക്കാന്‍ അഞ്ച് കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ ഡിലീറ്റ് ഫെയ്‌സ്ബുക്ക് കാമ്പയിന്‍ ആരംഭിച്ചത്.
2014 ല്‍ 1900 കോടി ഡോളറിന് വില്‍പന നടത്തിയ ബ്രയാന്‍ ആക്ഷന്‍ ഇതാണ് സമയം എന്നു പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിനെതിരായ കാമ്പയനില്‍ അണിചേര്‍ന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍നിന്ന് കോടികള്‍ നേടിയ ശേഷം ഇപ്പോള്‍ അതിനെതിരെ തിരിയുന്നത് കാപട്യമല്ലേ എന്നു ചോദിക്കുന്നവരുണ്ട്. വാട്ട്‌സാപ്പിന്റെ വില്‍പന ബ്രയാനേയും സമ്പന്നനാക്കിയെന്ന കാര്യം വസ്തുതയാണ്. എന്നാല്‍ കുടുതല്‍ സുരക്ഷിതവും സ്വകാര്യത സംരക്ഷിക്കുന്നതുമായ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ബ്രയാന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. സിഗ്നല്‍ ഫൗണ്ടേഷന് ബ്രയാന്‍ നല്‍കിയത് അഞ്ച് കോടി ഡോളറായിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന വാദക്കാരന്‍ തന്നെയായിരുന്നു തുടക്കം മുതല്‍ ബ്രയാന്‍. ഒരിക്കലും പരസ്യങ്ങളില്‍നിന്ന് വരുമാനമുണ്ടാക്കില്ലെന്നാണ് വാട്ട്‌സാപ്പ് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നത്.
ബ്രിട്ടീഷ് ഡാറ്റാ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക യു.എസ് തെരഞ്ഞെടുപ്പിനുവേണ്ടി അഞ്ച് കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ ചൂഷണം ചെയ്തുവെന്ന ആരോപണത്തിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിനെതിരെ ജനവികാരം ശക്തമായതും ഡിലീറ്റ് ഫെയ്‌സ്ബുക്ക് കാമ്പയിന്‍ സജീവമായതും.
സാമൂഹിക മാധ്യമമെന്ന നിലയില്‍ ഫേസ്ബുക്കില്‍ പ്രൊഫൈലുണ്ടാക്കിയ കോടിക്കണക്കിന് ആളുകളുടെ സ്വകാര്യതയ്ക്ക് കമ്പനി പുല്ലുവിലയാണ് കല്‍പിക്കുന്നതെന്ന് വിമര്‍ശകര്‍ വിളിച്ചു പറയുന്നു. ഇതു ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഡോണള്‍ഡ് ട്രംപിനു വേണ്ടി മാത്രമല്ല, ബ്രിട്ടനിലെ ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ അനുകൂലികളെ ഉണ്ടാക്കാനും ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള കമ്പനികള്‍ ദുരുപയോഗം ചെയ്തു.
ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞ ദിവസം 52 ശതകോടി ഡോളറിന്റെ വന്‍ ഇടിവാണുണ്ടായത്. തങ്ങള്‍ കുറ്റക്കാരെല്ലെന്ന് ഫെയ്‌സ്ബുക്ക് പറയുമ്പോഴും ചെവിക്കൊള്ളാന്‍ ആരും തയാറാല്ല. ഫേസ്ബുഫെയ്‌സ്ബുക്കിലെ ആപ്പുകള്‍ വഴിയാണ് ഈ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള കമ്പനികള്‍ കൈക്കലാക്കുന്നത്.