അലിഗഡ്- ഫോറന്‍സിക് സയന്‍സ് ക്ലാസില്‍ ബലാത്സംഗത്തിന് ഉദാഹരണമായി ഹിന്ദു പുരാണം ഉദ്ധരിച്ച പ്രൊഫസറെ അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. അലിഗഡ് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജിതേന്ദ്ര കുമാറിനെതിരെയാണ് നടപടി. വിവാദത്തെ തുടര്‍ന്ന് 24 മണിക്കൂറിനകം മറുപടി തേടി സര്‍വകലാശാല ജിതേന്ദറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയേയും സര്‍വകലാശാല നിയോഗിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ തെളിവു ലഭിച്ചതിനെ തുടര്‍ന്നാണ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തത്.
വിവാദ പരാമര്‍ശം ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല എന്നും വളരെ കാലം മുമ്പ് തന്നെ സമൂഹത്തില്‍ ബലാത്സംഗം നിലനില്‍ക്കുന്നുണ്ട് എന്ന ചൂണ്ടിക്കാണിക്കുകയായിരുന്നെന്നും വിസിക്ക് നല്‍കിയ മറുപടിയില്‍ അധ്യാപകന്‍ വിശദീകരിക്കുന്നു. മനപ്പൂര്‍വമല്ലാതെ സംഭവിച്ച അബദ്ധമാണിതെന്നും ഭാവിയില്‍ ഇങ്ങനെ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ക്ലാസിന്റെ വിഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്.