ഹൈദരാബാദ്- ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ മോഷ്ടാവ് ചുമരിലെ ദ്വാരത്തിനുള്ളില്‍ കുടുങ്ങി. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി. പാപ്പാ റാവു(30) എന്നയാളാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ജാമി യെല്ലമ്മ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ പിടിയിലായത്.
ദ്വാരത്തില്‍ കുടുങ്ങി പുറത്തേക്ക് വരാന്‍ കഴിയാതിരുന്നതോടെ മോഷ്ടാവ് തന്നെയാണ് രക്ഷിക്കാന്‍ ആളുകളെ വിളിച്ചുകൂട്ടിയത്. നാട്ടുകാര്‍ ഇയാളെ പോലീസിന് കൈമാറി.
ക്ഷേത്രത്തിന്റെ ചുമര് തുരന്ന് ദ്വാരമുണ്ടാക്കിയാണ് പ്രതി അകത്തുകയറിയത്. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. മോഷണമുതലുമായി പുറത്തിറങ്ങുന്നതിനിടെ കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു.
അകത്തുകയറിയ അതേ ദ്വാരത്തിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചത്. പക്ഷേ, ശരീരത്തിന്റെ പകുതിഭാഗം പുറത്തെത്തിയതിന് പിന്നാലെ ദ്വാരത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു.