ഇസ്ലാമാബാദ്- താന്‍ ഇന്ത്യാ വിരുദ്ധനോ അമേരിക്കന്‍ വിരുദ്ധനോ അല്ലെങ്കില്‍ ഏതെങ്കിലും രാജ്യത്തിനെതിരോ അല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ രാജ്യങ്ങളോടും നല്ല ബന്ധം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഇപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ ഒരു വിദേശ രാജ്യമാണെന്ന് ഇംറാന്‍ ആവര്‍ത്തിച്ച് ആരോപണമുന്നയിച്ചിരുന്നു. സര്‍ക്കാരിനെ പുറത്താക്കാനുള്ള അവിശ്വാസ വോട്ടെടുപ്പ് തടയുകയും പ്രസിഡന്റ് ദേശീയ അസംബ്ലി പിരിച്ചുവിടുകയും ചെയ്തതിനു പിന്നാലെയാണ് ഇംറാന്‍ ഇങ്ങനെ പറഞ്ഞത്.
ഏതെങ്കിലും രാജ്യത്തോട് വിരോധമില്ല, എന്നാല്‍ നമുക്ക് അവരുടെ നയങ്ങളോട് വിയോജിക്കാം. എല്ലാവരുമായും സൗഹൃദമാണ് വേണ്ടത്, ബഹുമാനവും ഉണ്ടായിരിക്കണം- ഒരു ചോദ്യത്തിന് മറുപടിയായി ഇംറാന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാത്ത രാജ്യങ്ങളോട് താനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രാജ്യങ്ങളുടെ റാന്‍മൂളികളായി മാറിയിരിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനായിരുന്നു പ്രതിപക്ഷത്തെ അദ്ദേഹം വിമര്‍ശിച്ചത്. ദേശീയ അസംബ്ലി പിരിച്ചുവിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാതെ പ്രതിപക്ഷം ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കുന്നത് ജനങ്ങളുടെ പ്രതികരണം ഭയക്കുന്നതിന്റെ ലക്ഷണമാണെന്നും ഇംറാന്‍ പറഞ്ഞു. ദേശീയ അസംബ്ലി പരിച്ചുവിട്ടതിനാല്‍ ഒരു കാവല്‍ പ്രധാനമന്ത്രി അധികാരമേല്‍ക്കുന്നതു വരെ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ ഇംറാനോട് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.