ഇസ്ലാമാബാദ്- പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ച് ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍.
ഓരോ പാക് പൗരന്റേയും വിജയമാണിതെന്നും സ്പീക്കറുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസ പ്രമേയം നിരാകരിച്ചതിനു പിന്നാലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശഗൂഢാലോചന ആരോപിച്ചും പാകിസ്ഥാനിലെ ഭരണഘടനക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് വ്യക്തമാക്കിയുമാണ് ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് റദ്ദാക്കിയത്.
അവിശ്വാസം തള്ളിയെങ്കിലും പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി പദവയില്‍ തുടരുമോ എന്ന് വ്യക്തമല്ല. പാര്‍ലമെന്റ് പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനും അദ്ദേഹം പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. അസംബ്ലികള്‍ പിരിച്ചുവിടാനാണ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയത്. ദേശീയ അസംബ്ലിയും പ്രവിശ്യാ അസംബ്ലികളും പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിലേക്ക് പോകണമെന്നാണ് ഇംറാന്‍ ഖാന്റെ ആവശ്യം.
നമുക്കെതിരായ വിദേശ ഗൂഢാലോചനയാണ് അവിശ്വാസ പ്രമേയം. ആരു ഭരിക്കണമെന്ന് രാഷ്ട്രമാണ് തീരുമാനിക്കേണ്ടത്. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തി അഴിമതിക്കാര്‍ക്ക് അവസരം നല്‍കരുതെന്നും തെരഞ്ഞെടുപ്പിന് തയാറെടുക്കണമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.