ബംഗളൂരു- കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഹലാല്‍ മാംസ വിഷയം കത്തിച്ച് സംഘ്പരിവാര്‍ സംഘടനകള്‍.
മുസ്ലിംകള് പരമ്പരാഗതമായി കഴിക്കുന്ന ഹലാല്‍ മാംസത്തിനെതിരായ പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. ശിവമോഗ ജില്ലയിലെ ഭദ്രാവതിയില്‍ ചിക്കന്‍ കടയില്‍ ഒരാളെയും റസ്റ്റോറന്റില്‍ വെച്ച് മറ്റൊരാളെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
അഞ്ച് പേര് ചിക്കന്‍ കടയിലെത്തി ഹലാല്‍ അല്ലാത്ത ഇറച്ചി ചോദിച്ചുവെന്നും നല്കാത്തതിനാല് കട അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പരാതിയെന്ന് ജില്ലാ പൊലീസ് മേധാവി ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു. ഇതിനിടെയാണ് ഒരു കുട്ടിയുടെ തലക്ക് അടിയേറ്റത്.
ജനതാ ഹോട്ടലിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു. ഒരു സംഘം കടയില്‍ എത്തി ഹലാല്‍ ഭക്ഷണം ഇനിമുതല്‍ വില്‍ക്കരുതെന്ന് ഉടമയോട് ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലില്‍ ഉണ്ടായിരുന്ന ഒരാളുമായി ഉണ്ടായ തര്‍ക്കമാണ് ഇവിടെ മര്‍ദനത്തില്‍ കലാശിച്ചത്. ഓള്‍ഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസുകളിലും അഞ്ച് പേര് തന്നെയാണ് പ്രതികളെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഹലാല്‍ മാംസത്തിന്റേയും ഭക്ഷണത്തിന്റേയും വില്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടക്കാരെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹലാല്‍ മാംസത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും വിഷയം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് ഇനി ഹലാല്‍ ഉല്പന്നങ്ങള് വേണ്ടെന്നും സാമ്പത്തിക ജിഹാദിനെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നും ഭരണകക്ഷിയായ ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എല്ലാ സമുദായങ്ങളെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.