ചെന്നൈ- തമിഴ് നടന്‍ വിജയകുമാറിന്റേയും മഞ്ജുളയുടേയും മൂത്ത മകളാണ് നടി വനിത വിജയ കുമാര്‍. 2020ല്‍ മൂന്നാം വിവാഹ ബന്ധവും വേര്‍പ്പിരിഞ്ഞ ശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി ഒറ്റയ്ക്കാണു താമസം. സ്വന്തം കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുകയാണ്. ഇതിനിടെ സംഭവിച്ച മതംമാറ്റത്തെ കുറിച്ച് വനിത തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് താന്‍ മതം മാറിയത് എന്നാണ് ഇപ്പോള്‍ വനിത തുറന്നു പറഞ്ഞിരിക്കുന്നത്.
കലുഷിതമായിരുന്നു വനിതയുടെ വിവാഹ ബന്ധങ്ങള്‍. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയാണ് എഡിറ്റര്‍ പീറ്റര്‍ പോളിനെ വനിത വിവാഹം ചെയ്തത്. എന്നാല്‍ വെറും അഞ്ചു മാസം മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്സ്. നിയമപരമായി വിവാഹ മോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്ന് പരാതിപ്പെട്ട് ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെയാണ് ഇതു വിവാദമായത്. ഇതോടെ മറ്റൊരു കുടുംബം തകര്‍ത്തെന്ന പഴി വനിതയ്ക്കു കേള്‍ക്കേണ്ടി വന്നു. വൈകാതെ പീറ്ററുമായി വേര്‍പിരിഞ്ഞതായും വനിത പ്രഖ്യാപിച്ചു.
നടന്‍ ആകാശുമായാണ് വനിതയുടെ ആദ്യ വിവാഹം. 2000ല്‍ ആയിരുന്നു ഇത്. 2007ല്‍ വേര്‍പ്പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ടു മക്കളുമുണ്ട്. ഇതെ വര്‍ഷം തന്നെ ബിസിനസുകാരന്‍ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. 2012ല്‍ ഈ ബന്ധവും വേര്‍പ്പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. പീറ്ററുമായുള്ള മൂന്നാം വിവാഹം വിവാദത്തിലായതോടെ അതും അവസാനിപ്പിച്ചു. ഇനി സന്തോഷകരവും സമാധാനപൂര്‍ണവുമായി ഒരു ജീവിതത്തിനു വേണ്ടിയാണ് താന്‍ ബുദ്ധ മതം സ്വീകരിച്ചതെന്ന് ഇന്‍സ്റ്റഗ്രാമിൽ വനിത ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നു.