കൊച്ചി- ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. ദ്വീപ് ജനത എന്തിനെയാണോ ഭയന്നത് അത് ദ്വീപില്‍ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ജനവാസ മേഖലയില്‍ ഉള്‍പ്പെടെ 52 ലക്ഷം മീറ്റര്‍ ഭൂമി ഏറ്റെടുക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത് നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണെന്നും മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. എട്ടോളം ഘട്ടങ്ങള്‍ കഴിഞ്ഞ് മാത്രമേ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ കഴിയൂ. എന്നാല്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഭൂമി ഏറ്റെടുക്കാനാണ് ദ്വീപ് ഭരണകൂടം ശ്രമിക്കുന്നത്. അതംഗീകരിക്കാന്‍ കഴിയില്ല. വിവിധ വികസന പദ്ധതികള്‍ക്കും ടൂറിസം വികസനത്തിനും കൈമാറാന്‍ എന്ന പേരിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് ടൂറിസം പദ്ധതികള്‍ക്ക് കൈമാറുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഇക്കഴിഞ്ഞ 21 ന് ദ്വീപ് ജനത ബഹുജന മുന്നേറ്റ റാലി പ്രഖ്യാപിച്ചിരുന്നെങ്കിലും ദ്വീപ് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പത്ത് ദ്വീപുകളില്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവികാരം അടിച്ചമര്‍ത്താനുള്ള മാര്‍ഗമായി 144 ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും ദ്വീപ് ഭരണകൂടം നിഷേധിക്കുകയാണ്. ലക്ഷദ്വീപിനെ സാമ്പത്തികമായി തകര്‍ക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്.2400 ഓളം താത്കാലിക തസ്തികകള്‍ നിര്‍ത്തലാക്കി.ഇവര്‍ക്ക് പകരം തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുമില്ല. തസ്തികകള്‍ നിര്‍ത്തലാക്കിയതോടെ ജോലിയും കൂലിയുമില്ലാത്ത അവസ്ഥയാണ്. ദ്വീപ് ജനതക്ക് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും നിര്‍ത്തലാക്കി. അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ പരീക്ഷ പോലും മാറ്റിവച്ച് കുട്ടികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയാണ്. ദ്വീപ് ജനതക്ക് ഒരു മാനുഷിക പരിഗണനയും അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്നില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കേരളത്തിലെ എം പി മാരുടെ കൂടി പിന്തുണയോടെ പാര്‍ലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ഫൈസല്‍ വ്യക്തമാക്കി.