ബംഗളൂരു-ഹിജാബിന്റേയും ഹലാലിന്റേയും പേരില്‍ തുടരുന്ന വിവാദങ്ങള്‍ കര്‍ണാടകയില്‍ നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയായി നിരീക്ഷകര്‍ കാണുന്നു. വലിയ തോതിലുള്ള വിദ്വേഷ പ്രചാരണത്തിനും സാമുദായിക ധ്രുവീകരണത്തിനുമാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
2023 ഏപ്രിലിലാണ് ബി.ജെ.പി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയെങ്കിലും അതിനു മുമ്പ് തന്നെ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് അഭ്യൂഹങ്ങള്‍.
കര്‍ണാടക തെരഞ്ഞെടുപ്പ് നവംബര്‍ 27 ന് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഈയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ ഉറവിടങ്ങള്‍ ഉള്ളതുപോലെ തങ്ങള്‍ക്കും ഉറവിടങ്ങളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ വിജയം നേടിയതു കണക്കിലെടുത്താണ് കര്‍ണാടകയില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആലോചന തുടങ്ങിയത്.
സംസ്ഥാനത്ത് വിവിധ തലങ്ങളില്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബി.ജെ.പി വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമില്ലാതിരക്കാന്‍ നേരത്തെ തെരഞ്ഞെടപ്പിന് അഭിമുഖീകരിക്കുന്നതാണ് നല്ലതെന്ന് കരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് സംസ്ഥാന മന്ത്രിമാരില്‍നിന്നും സൂചനകളുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘപരിവാറിലെ അനുബന്ധ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ വേദികെ, ബജ്റംഗ്ദള്‍, ശ്രീരാമ സേന തുടങ്ങിയവ പ്രചാരണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ പങ്കെടുക്കുന്നത് തടയാനും ഏപ്രില്‍ രണ്ടിന് കര്‍ണാടക പുതുവത്സര ഉത്സവമായ ഉഗാദിക്ക് ശേഷം ഹിന്ദുക്കള്‍ ഹലാല്‍ മാംസം ബഹിഷ്കരിക്കാനും വിവിധ ഗ്രൂപ്പുകളുടെ ആഹ്വാനമുണ്ട്.