ന്യൂദല്‍ഹി- ഇന്ധനവില വര്‍ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം.
കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗക്കില്‍ പ്രതിഷേധ ധര്‍ണ നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് സിംഗ് വി, കെ.സി വേണുഗോപാല്‍, ശക്തി സിന് ഗോഹില്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ 10 ദിവസത്തിനിടെ ഒമ്പത് തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിജയ് ചൗക്കില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍പിജി സിലിണ്ടറുകളുടെ കട്ടൗട്ടുകളും ഇന്ധനവില വര്‍ദ്ധന പിന്‍വലിക്കൂ എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഇന്ധനവില വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന് മനസ്സിലാകുന്നില്ല. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
വിലക്കയറ്റത്തിനും ഇന്ധന വിലവര്‍ധനക്കുമെതിരെ രാജ്യവ്യാപകമായി മെഹംഗൈ മുക്ത് ഭാരത് അഭിയാന് എന്ന പേരില്‍ പ്രക്ഷോഭം ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു, ഇന്നു മുതല്‍ ഏപ്രില്‍ ഏഴുവരെ രാജ്യത്തുടനീളം റാലികളും മാര്‍ച്ചുകളും സംഘടിപ്പിക്കും.