ന്യൂദല്‍ഹി- ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്തവര്‍ക്ക് ഇനി സമയം നീട്ടിനല്‍കില്ലെന്ന് റിപ്പോര്‍ട്ട്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ബന്ധമാക്കുകയാണ്.
ഏപ്രില്‍ ഒന്നിനുശേഷം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് അറിയിച്ചുകൊണ്ട് സി.ബി.ഡി.ടി വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിന് 500 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഈ കാലയളവിന് ശേഷം ലിങ്ക് ചെയ്യുന്നതിന് 1000 രൂപയായിരിക്കും പിഴ.
സിബിഡിടിയുടെ പുതിയ ഉത്തരവിന് ശേഷം ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതികള്‍ സര്‍ക്കാര്‍ നീട്ടാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നേരത്തെ ഈ സമയപരിധി പലതവണ നീട്ടിയിരുന്നു. അവസാന തീയതി 2022 മാര്‍ച്ച് 31 ആയാണ് നിശ്ചയിച്ചിരുന്നത്.
ആധാറുമായി ബന്ധിപ്പിച്ച പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍, ഡീമാറ്റ് അക്കൗണ്ടോ, ബാങ്ക് അക്കൗണ്ടോ, മ്യൂച്വല്‍ ഫണ്ടോ തുറക്കാന്‍ കഴിയില്ല. ഇതിനെല്ലാം പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ പാന്‍ കാര്‍ഡ് ലോക്ക് ചെയ്താല്‍ ഇത്തരം സൗകര്യങ്ങളൊന്നും പ്രയോജനപ്പെടുത്താനാവില്ല.