ലഖ്‌നൗ -കോപ്പിയടി മാഫിയയെ പിടികൂടാൻ ഉത്തർ പ്രദേശ് പോലീസ് നിയോഗിച്ച പ്രത്യേക ദൗത്യ സംഘം സംസ്ഥാനത്തെ വലിയ കോപ്പിയടി മാഫിയയെ പിടികൂടി. യോഗ്യരല്ലാത്ത 600ലേറെ എംബിബിഎസ് വിദ്യാർത്ഥികളെ ഡോക്ടർമാരാകാൻ ഇവർ സഹായിച്ചിട്ടുണ്ടെന്നാണ് ദൗത്യ സേനയുടെ കണ്ടെത്തൽ. ഈ മാഫിയയുടെ തലവൻ കവിരാജ് സിങ്, മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്‌സിറ്റിയിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി യൂണിവേഴ്‌സിറ്റി മുൻ ഉദ്യോഗസ്ഥനായ സിപി സിംഗ് ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ ഉത്തരക്കടലാസ് പരിശോധനാ ചുമത വഹിക്കുന്ന ഉദ്യോഗസ്ഥനായ പവൻ കുമാറിന്റെ സഹായത്തോടെയാണ് കവിരാജ് പണം വാങ്ങി വിദ്യാർത്ഥികളെ ജയിപ്പിച്ചിരുന്നത്. ഇതിനായി വൈദ്യ വിദ്യാർത്ഥികളിൽ നിന്ന് ഇയാൾ ഒരു ലക്ഷം രൂപയിലേറെ വാങ്ങിയിരുന്നു. മറ്റു പ്രൊഫഷൽ കോഴ്‌സ് വിദ്യാർത്ഥികളിൽ നിന്ന് ഇയാൾ ഈടാക്കിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ ആയിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമവിരുദ്ധമായ മാർഗത്തിലൂടെ പരീക്ഷ പാസായി ഡോക്ടർമാരായ എല്ലാവരേയും പിടികൂടുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ പോലീസ് ദൗത്യസേനാ തലവൻ ഐജി അമിതാഭ് യാഷ് അറിയിച്ചു. വെട്ടിപ്പ് വെളിച്ചത്തായതോടെ മൂന്ന് ഉദ്യോഗസ്ഥരേയും യുണിവേഴ്‌സറ്റി പുറത്താക്കി. സർക്കാർ, സ്വകാര്യ മേഖലകളിലായി 350 മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ളത്.