കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസില്‍ സ്ത്രീകളടക്കമുള്ള താരങ്ങള്‍ കൂറ് മാറിയിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കാവ്യ മാധവനില്‍ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും.
കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. പോലീസ് ക്ലബില്‍ വെച്ചല്ല, വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുക. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നാലര മണിക്കൂര്‍ കാവ്യ മാധാവനെ എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വി.ഐ.പിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചോദിക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം പറഞ്ഞത്.ഇതിനൊപ്പം, ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും െ്രെകംബ്രാഞ്ച് ചോദിച്ചറിയും.നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്‍കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.