Sorry, you need to enable JavaScript to visit this website.

മുസ്ലിം ഐ.എ.എസുകാരനെ വിവാഹം ചെയ്ത് പഴി കേട്ട ടീനക്ക് പുതിയ വരന്‍

ന്യൂദല്‍ഹി- മുസ്ലിം ഐ.എ.എസുകാരനെ വിവാഹം ചെയ്ത് വ്യാപക വിമര്‍ശം ഏറ്റുവാങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥ ടീന ദാബി പുതിയ വിവാഹത്തിനൊരുങ്ങുന്നു. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. പ്രദീപ് കെ ഗവാന്‍ഡെയുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ടീന ദാബി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. പ്രതിശ്രുത വരനെ ഫോട്ടോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ 14 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ടീന ദാബിക്ക്.   ഗവാന്‍ഡെയും തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഏതാനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടീന ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ധനകാര്യ  വകുപ്പില്‍ നികുതി  ജോയിന്റ് സെക്രട്ടറിയായി ജയ്പൂരിലാണ് ജോലി ചെയ്യുന്നത്.  ജയ്പൂരില്‍തന്നെ  പുരാവസ്തു, മ്യൂസിയം വകുപ്പിന്റെ ഡയറക്ടറാണ് ഡോ. പ്രദീപ്.  ഏപ്രില്‍ 22ന് ജയ്പൂരിലെ ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹം.  
2015ല്‍ യുപിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ ദളിത് പെണ്‍കുട്ടിയായാണ് ടീന മാധ്യമ തലക്കെട്ടുകള്‍ പിടിച്ചിരുന്നത്.  ആദ്യ ശ്രമത്തില്‍ തന്നെയായിരുന്നു ടീനയുടെ നേട്ടം.   ഐഎഎസ് ബാച്ച്‌മേറ്റായിരുന്ന അത്തര്‍ ആമിറുല്‍ശാഫി ഖാനുമായുള്ള  വിവാഹം പിന്നെയും വാര്‍ത്ത സൃഷ്ടിച്ചു. 2015ലെ ഐഎഎസ് പരീക്ഷയില്‍ ഖാന്‍ രണ്ടാം സ്ഥാനത്തായിരുന്നു.
2016ല്‍  ഖാനും ടീനയും തങ്ങളുടെ ബന്ധം ഫേസ്ബുക്കിലൂടെ  വെളിപ്പെടുത്തിയതു മുതല്‍ വിമര്‍ശനം തുടങ്ങിയിരുന്നു. 2018ല്‍ ഇരുവരും വിവാഹിതരായി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രിമാരും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമടക്കം പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.  
മിശ്രവിവാഹിതരായതിനാല്‍ തന്നെ ടീനയും ഖാനും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. തന്റെ വിവാഹം മതങ്ങള്‍ക്ക് മുകളിലാണെന്ന് പറഞ്ഞാണ് ടീന ആരോപണങ്ങളെ നേരിട്ടിരുന്നത്. പക്ഷേ ദമ്പതികള്‍ക്ക് തുടരാനായില്ല.
2020 ല്‍ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും  2021 ല്‍ വിവാഹമോചനം നേടുകയും ചെയ്തു.

 

Latest News