ബംഗളൂരു- മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി മകന് എച്ച്.ഡി രേവണ്ണ പറഞ്ഞു.
'ഐടി വകുപ്പ് ഞങ്ങള്‍ക്ക് നോട്ടീസ് നല്കട്ടെ. ഇപ്പോള്‍ അവര്‍ അമ്മക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഞങ്ങളുടെ ഭൂമിയില്‍ ഞങ്ങള്‍ കരിമ്പ് കൃഷി ചെയ്യുന്നു. അവര്‍ വന്ന് കാണുകയും ഭൂമിയുടെ ഡ്രോണ്‍ സര്‍വേ നടത്തുകയും വേണം. എന്റെ മാതാപിതാക്കള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടോ? ഞങ്ങള്‍ എന്തെങ്കിലും പുതിയ പ്രോപ്പര്‍ട്ടി വാങ്ങിയിട്ടുണ്ടോ? എന്തുകൊണ്ടാണ് ഞങ്ങളെ ഒരു രാഷ്ട്രീയ പാര്‍ട്ടി ലക്ഷ്യമിടുന്നത്- തിങ്കളാഴ്ച ഹാസനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുന്‍ സംസ്ഥാന മന്ത്രി രേവണ്ണ പറഞ്ഞു.
ഹാസന് ജില്ലയിലെ ദൊഡ്ഡപുരയിലും പടുവലാഹിപ്പെയിലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേരിലാണ് അമ്മക്ക് നോട്ടീസ് ലഭിച്ചതെന്ന് രേവണ്ണ പറഞ്ഞു. 'ഞങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ആവശ്യപ്പെട്ട് എന്റെ അമ്മക്ക് ഐ.ടി നോട്ടീസ് അയച്ചിട്ടുണ്ട്. നിയമാനുസൃതമായി ഞങ്ങള്‍ മറുപടി നല്‍കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.