ബംഗളൂരു- കര്‍ണാടകയിലെ ക്ഷേത്ര പരിസരങ്ങളിലോ ക്ഷേത്ര മേളകളിലോ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് മുസ്ലിം വ്യാപാരികളെ വിലക്കിയത് സംസ്ഥാനത്തുടനീളം വ്യാപിക്കുന്നതിനിടെ, ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്ന ക്ഷേത്ര കമ്മിറ്റികളിലും വ്യാപാരികളിലും നിരാശ വളരുകയാണ്. രണ്ട് ബി.ജെ.പി നേതാക്കള്‍ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഹിജാബ് കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് തീരദേശ കര്‍ണാടകയിലെ മുസ്്‌ലിം വ്യാപാരികള്‍ കടയടച്ച് സമരം നടത്തിയ ശേഷമാണ് ആദ്യം ആഹ്വാനം വന്നത്. അന്നുമുതല്‍, അവരെ ക്ഷേത്രപരിസരങ്ങളില്‍ നിന്നും മേളകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പഴയൊരു നിയമം എടുത്തുപിടിച്ചാണ് സംഘ്പരിവാര്‍ രംഗത്തുവന്നത്.
വര്‍ഷങ്ങളായി കടകള്‍ നടത്തുന്ന മുസ്ലിം വ്യാപാരികള്‍ അടുത്തിടെ ഒഴിവാക്കപ്പെട്ട മേളകളില്‍ ഹോസ മാര്‍ഗുടി, കൊല്ലൂര്‍ മൂകാംബിക മേളകളും ദക്ഷിണ കന്നഡയിലെ ബപ്പനാട് ദുര്‍ഗാപരമേശ്വരി, മംഗളാദേവി, പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു.
മംഗലാപുരത്തിനടുത്തുള്ള ദേവാലയമായ ബപ്പനാട് ക്ഷേത്രം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അവിടെയുള്ള ദുര്‍ഗാപരമേശ്വരി ക്ഷേത്രം മുസ്ലിം വ്യാപാരിയായ ഒരാളുടെ സംഭാവനകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. മുസ്ലീം വ്യാപാരികളെ ഒഴിവാക്കണമെന്ന വി.എച്ച്.പിയുടെ ആവശ്യം താന്‍ നിരസിച്ചതായും എന്നാല്‍ തര്‍ക്കംമൂലം തങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നുവെന്നും മാനേജ്മെന്റ് കമ്മിറ്റി മേധാവി പറഞ്ഞു.