വാഷിങ്ടന്‍- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ യുഎസ് ഇളവ് വരുത്തി. വാക്സിനെടുക്കാത്ത പൗരന്മാര് പോകാന്‍ പാടില്ലാത്ത, ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയായ ലെവല്‍ 3-ല്‍ നിന്ന് ഇന്ത്യയെ മാറ്റി. രോഗബാധാ സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയായ ലെവല്‍ 1-ലാണ് ഇപ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ (സിഡിഎസ്) ആണ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
കുറ്റകൃത്യ, ഭീകരാക്രമണ സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള യാത്രാ മുന്നറിയിപ്പുകളുടെ പട്ടികയിലും യുഎസ് വിദേശകാര്യ വകുപ്പ് തിങ്കളാഴ്ച ഇന്ത്യയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യുന്ന അമേരിക്കക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ലെവല്‍ 2 പട്ടികയിലാണിപ്പോള്‍ ഇന്ത്യ.