Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിന് കോണ്‍ഗ്രസ് കരുത്തരാകേണ്ടത് പ്രധാനമെന്ന് കേന്ദ്ര മന്ത്രി ഗഡ്കരി; നേതാവിന്റെ മറുപടി ഇങ്ങനെ

മുംബൈ- ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തരാകേണ്ടത് പ്രധാനമാണെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്. ഗഡ്കരിയുടെ വാക്കുകളെ മാനിക്കുന്നുവെന്നും എന്നാല്‍ പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അദ്ദേഹം സംസാരിക്കണമെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സചിന്‍ സാവന്ത് പറഞ്ഞു. 

ബിജെപിക്ക് അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളേയും ജനാധിപത്യത്തേയും തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ കുറിച്ച് ഗഡ്കരി അദ്ദേഹത്തിന്റെ നേതാവായ മോഡിയോട് സംസാരിക്കണം. സുപ്രീം കോടതി പോലും ഈ കാര്യത്തില്‍ നിസ്സഹായരാണെന്ന് തോന്നുന്നു. രാജ്യത്ത് കഴിഞ്ഞ എട്ടു വര്‍ഷമായി കളിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയം മുമ്പില്ലാത്തതാണ്. ജനാധിപത്യത്തെ ഏകാധിപത്യമാക്കിമാറ്റാനുള്ള ശ്രമത്തെ കുറിച്ച് ഗഡ്കരി മോഡിയോട് സംസാരിക്കുകയാണെങ്കില്‍ അത് രാജ്യത്തിനും ജനാധിപത്യത്തിനും സഹായകമാകും- സചിന്‍ പറഞ്ഞു. ജനാധിപത്യത്തെ എങ്ങനെ മോഡി സര്‍ക്കാര്‍ കഴുത്തുഞെരിക്കുന്നുവെന്നതിനെ കുറിച്ച് ഗഡ്ഗരിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂനെയില്‍ ശനിയാഴ്ച നടന്ന ഒരു പരിപാടിയിലാണ് ഗഡ്ഗകരി കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കേണ്ടതിനെ കുറിച്ച് പറഞ്ഞത്. ഇത് തന്റെ സത്യസന്ധമായ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് രണ്ടു ചക്രങ്ങളാണുള്ളത്. ഒരു ചക്രം ഭരണകക്ഷിയും മറ്റേത് പ്രതിപക്ഷവുമാണ്. ജനാധിപത്യത്തിന് ഒരു കരുത്തുറ്റ പ്രതിപക്ഷം ആവശ്യമാണ്. അതുകൊണ്ടാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇടം പ്രാദേശിക കക്ഷികള്‍ കൈയടക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല- എന്നായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.

Latest News