ന്യൂദല്‍ഹി- പെട്രോള്‍, ഡീസല്‍ വില തിങ്കളാഴ്ച വീണ്ടും വര്‍ധിച്ചു. ഏഴ് ദിവസത്തിനിടെ ആറാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. റഷ്യ ഉക്രൈന്‍ യുദ്ധം കാരണം ആഗോളതലത്തില്‍ വില വര്‍ധിച്ചിരിക്കയാണെന്ന് എണ്ണ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ഇന്നത്തെ നിരക്ക് പരിഷ്‌കരണത്തോടെ ഇതിനകം പെട്രോള്‍ വില ലിറ്ററിന് നാല് രൂപയും ഡീസലിന് 4.10 രൂപയുമാണ് വര്‍ധിച്ചത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും നാലു മാസത്തിലേറെയായി നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം മാര്‍ച്ച് 22നാണ് നിരക്ക് പുതുക്കല്‍ ആരംഭിച്ചത്.
ദല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 114.19 രൂപയും ഡീസല്‍ ലിറ്ററിന് 98.50 രൂപയും നിശ്ചയിച്ചു. മെട്രോ നഗരങ്ങളില്‍ ഇന്ധനവില ഏറ്റവും ഉയര്‍ന്നത് മുംബൈയിലാണ്. മൂല്യവര്‍ധിത നികുതി (വാറ്റ്) കാരണം എല്ലാ സംസ്ഥാനങ്ങളിലും വിലകളില്‍ വ്യത്യാസമുണ്ടാകും.