Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്കിൽ ഒറ്റുകാരെ പിടിക്കാൻ 'രഹസ്യ പോലീസ്; മേധാവി ഇന്ത്യൻ വംശജ

ലോസാഞ്ചലെസ് - ഫെയ്‌സ്ബുക്കിലെ ഉള്ളുകള്ളികളും കമ്പനി രഹസ്യങ്ങളും മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്ന ജീവനക്കാരെ പിടികൂടാൻ മേധാവി മാർക്ക് സക്കർബർഗ് 'രഹസ്യ പോലീസി'നെ നിയോഗിച്ചതായി റിപ്പോർട്ട്. ഒറ്റുകാരെ പിടികൂടി ശിക്ഷിക്കുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് ഇന്ത്യൻ വംശജയായ സോണിയ അഹൂജ എന്ന അന്വേഷണ വിഭാഗം മേധാവിയാണ്. 2017ൽ പുറത്താക്കപ്പെട്ട മുൻ ഫെയ്‌സ്ബുക്ക് ജീവനക്കാരനെ ഉദ്ധരിച്ച് ദി ഗാർഡിയൻ ആണ് ഈ രഹസ്യ പോലീസിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. സ്ഥാനക്കയറ്റത്തിനെന്ന വ്യാജേന കമ്പനി മേധാവികൾ പങ്കെടുത്ത യോഗത്തിനു വിളിച്ചു വരുത്തി തന്നെ സോണിയ അഹുജയുടെ നേതൃത്വത്തിലുളള സംഘം ചോദ്യം ചെയ്തു പുറത്താക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

ഈ ജീവനക്കാരൻ എടുത്തുവച്ച സ്‌ക്രീൻ ഷോട്ടുകൾ, തുറന്നതും സൂക്ഷിച്ചു വച്ചതുമായ വെബ് ലിങ്കുകൾ, ചാറ്റുകൾ, ഫെയ്‌സ്ബുക്കിൽ ചേരുന്നതിന് മുമ്പ് ഒരു മാധ്യമപ്രവർത്തകനുമായി നടത്തിയ ചാറ്റുകൾ അടക്കം നിരവധി രേഖകൾ മുന്നിൽ വച്ചാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഈ മുൻ ജീവനക്കാരൻ പറയുന്നു. ഫെയ്‌സ്ബുക്കിൽ ജോലിക്കെത്തിയതിനു മുമ്പും ശേഷവുമുള്ള തന്റെ പൂർണ വിവരങ്ങൾ രഹസ്യമായി സമാഹരിച്ചാണ് ഈ രഹസ്യ പോലീസ് തന്നെ ചോദ്യം ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. തന്നെ കുറിച്ച് ഇത്രത്തോളം കാര്യങ്ങൾ കമ്പനിക്ക് എവിടെ നിന്നു ലഭിച്ചുവെന്നത് ഞെട്ടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കമ്പനിയുടെ പുറത്തിറക്കിയിട്ടില്ലാത്ത പുതിയ ഉൽപ്പന്നങ്ങളെയും അപ്‌ഡേറ്റ്‌സിനെക്കുറിച്ചും വിശദീകരിക്കാൻ ആയിരക്കണക്കിന് ജീവനക്കാരുടെ യോഗം എല്ലാ ആഴ്ചയും മേധാവി സർക്കർബർഗ് വിളിച്ചു ചേർക്കാറുണ്ട്. ഇത്തരമൊരു യോഗത്തിൽ 2015ൽ സക്കർബർഗ് ഒറ്റുകാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഒരാഴ്ച്ചക്കു ശേഷം വാർത്ത ചോർത്തിയ ജീവനക്കാരനെ പിടിച്ചു പുറത്താക്കിയതായും പ്രഖ്യാപിച്ചിരുന്നു.
 

Latest News