Sorry, you need to enable JavaScript to visit this website.

പറഞ്ഞത് അയാള്‍, ക്രൂശിക്കുന്നത് എന്നെ; വിനായകനെ തള്ളി നവ്യാനായര്‍

കൊച്ചി- മീ ടു വിഷയവുമായി ബന്ധപ്പെട്ട് വിനായകന്‍ പറഞ്ഞത് തെറ്റെന്ന് നടി നവ്യാ നായര്‍. വിനായകന്‍ പറയുന്ന സമയത്ത് തനിയ്ക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അന്നത്തെ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും നവ്യാനായര്‍ പറഞ്ഞു. ഒരു പുരുഷന്‍ വിവാദ പരാമര്‍ശം നടത്തിയതിന് സ്ത്രീയാണ് ക്രൂശിക്കപ്പെടുന്നതെന്നും നവ്യാ നയര്‍ കൊച്ചിയില്‍ പ്രതികരിച്ചു.
അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ എല്ലാവരോടും പൂര്‍ണമനസോടെ ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. അവിടെ എത്ര പുരുഷന്മാരുണ്ടായിരുന്നു, നിങ്ങളെല്ലാം ചോദ്യം ചോദിക്കുന്നത് എന്റെയടുത്താണ്- നവ്യാനായര്‍ പറഞ്ഞു.
നവ്യാ നായര്‍,ചിത്രത്തിന്റെ സംവിധായകന്‍ വി കെ പ്രകാശ് തുടങ്ങിയവര്‍ സമീപമിരിക്കുമ്പോഴായിരുന്നു വിനായകന്റെ ഈ പരാമര്‍ശങ്ങള്‍. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരവെയാണ് നവ്യാ നായര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. വിവാദ പരാമര്‍ശത്തില്‍ നടന്‍ വിനായകനും കഴിഞ്ഞ ദിവസം തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ ചില സംസാരത്തില്‍ താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. അത് ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നുമായിരുന്നു വിനായകന്‍ എഫ് ബിയില്‍ കുറിച്ചത്.
 ഒരുത്തീ സിനിമയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. മീ ടൂവിനെ കുറിച്ചും തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചുമായിരുന്നു പറഞ്ഞത്.'എന്താണ് മീ ടു. എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ. ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത്, നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. വിനായകന്റെ ഈ പരാമര്‍ശങ്ങളാണ് വിവാദമായത്. വാര്‍ത്താസമ്മേളനത്തിന് ശേഷം ചില ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വിനായകന്റെ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നിഷേധാത്മകമായിരുന്നു  പ്രതികരണങ്ങള്‍. വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഒരു പെണ്‍കുട്ടിയുടെ അടുത്തെത്തിയശേഷം നീ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോയെന്ന് അയാള്‍ വീണ്ടും ചോദിക്കുകയും ചെയ്തു.

 

Latest News