ന്യൂദൽഹി- കോൺഗ്രസിന്റെ ഭാവി നയങ്ങൾക്ക് അന്തിമ രൂപം നൽകുന്ന ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ 84-ാമത് പ്ലീനറി സമ്മേളനം ദൽഹിയിൽ നടന്നു വരികയാണ്. പാർട്ടിയുടെ യുവ അധ്യക്ഷൻ രാഹുൽ സ്ഥാനമേറ്റതിനു ശേഷം നടക്കുന്ന ആദ്യ പ്ലീനറി സമ്മേളനമാണിത്. ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള പാർട്ടിയുടെ ഇത്തവണത്തെ പ്ലീനറി സമ്മേളനം വേറിട്ട ഒരു കാഴ്ച കൊണ്ട് ശ്രദ്ധേയമായി. പതിവു രീതിയിൽനിന്ന് ഭിന്നമായി വേദിയിൽ ഒരു സമയം ഒരാൾ മാത്രം. പ്രസംഗിക്കുന്നയാൾ മാത്രം വേദിയിൽ. ബാക്കി എല്ലാ മുതിർന്ന നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രാദേശിക നേതാക്കൾക്കും പ്രതിനിധികൾക്കുമൊപ്പം സദസ്സിന്റെ ഭാഗം.
നേതാക്കൾക്ക് ഒരു കുറവുമില്ലാത്ത കോൺഗ്രസ് രാഹുൽ യുഗത്തിലേക്ക് പ്രവേശിക്കുമ്പോൾ വന്ന പ്രകടമായ ഒരു മാറ്റമായി ഇതിനെ കാണാം. ഗാന്ധിത്തൊപ്പിയും ധരിച്ച് വേദിയിൽ നിലത്ത് പടിഞ്ഞിരിക്കുന്ന നീണ്ട നേതൃനിരയുടെ കാഴ്ച പ്ലീനറി സമ്മേളനങ്ങൾ എന്നല്ല എ ഐ സി സിയുടെ വലിയ സമ്മേളനങ്ങളിലെല്ലാം പതിവു കാഴ്ചയായിരുന്നു. എന്നാൽ ഇത്തവണ പ്ലീനറി സമ്മേളനത്തിൽ മുൻ അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന നേതാക്കളായ എ കെ ആന്റണി, ഗുലാം നബി ആസാദ് തുടങ്ങി എല്ലാവരും സദസിന്റെ ഭാഗമായിരുന്നു. പുതിയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം അനുസരിച്ചായിരുന്നുവത്രെ ഈ മാറ്റം.
കോൺഗ്രസിനെ അടിമുടി പുതുക്കി പണിയാനൊരുങ്ങുന്ന രാഹുലിന്റെ സുപ്രധാന പ്രസംഗം സമാപന ദിവസമായ നാളെ ഏവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുതിയ എ ഐ സി സി തെരഞ്ഞെടുപ്പും നാളെ നടക്കും. പുതിയ കമ്മിറ്റിയിലും രാഹുലിന്റെ യുവ ടച്ച് ഉണ്ടാകും.