ഗോരഖ്പൂര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍  മാധ്യമങ്ങളെ തടഞ്ഞ ജില്ലാ മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം

ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തേല

ലഖ്നൗ- ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബുധനാഴ്ച വോട്ടെണ്ണുന്നതിനിടെ ബിജെപിയുടെ നില പരുങ്ങലിലായതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേലയ്ക്ക് പ്രമോഷനോടെ സ്ഥലംമാറ്റം. തീവ്രഹിന്ദുത്വ നേതാവായ മുഖ്യമന്ത്രി ആദിത്യനാഥുമായി ഏറെ അടുപ്പമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന രാജീവിനെ ദേവിപത്തന്‍ ഡിവിഷണല്‍ കമ്മീഷറായാണ് സര്‍ക്കാര്‍ നിയമിച്ചത്. 

ബുധനാഴ്ച വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബിജെപി പരാജയത്തിലേക്കെന്ന സൂചന പുറത്തു വന്നതോടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള മാധ്യമ പ്രവര്‍ത്തകരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് രാജീവ് പുറത്താക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ കാണാതിരിക്കാന്‍ വോട്ടെണ്ണല്‍ മറ കെട്ടി വേര്‍തിരിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. 

ഇദ്ദേഹത്തെ കുടാതെ 15 ജില്ലാ മജിസ്ട്രേറ്റുമാരടക്കം 37 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. സംസ്ഥാനത്ത് അടുത്തിടെയായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായ പ്രകടനം നടത്തിയ ബറേലി ജില്ലാ മജിസ്ട്രേറ്റ് രാഘവേന്ദ്ര സിങിനെ പദവിയില്‍നിന്ന് നീക്കിയിട്ടുണ്ട്. 

പൊള്ളയായ നിക്ഷേപ വാഗ്ദാനങ്ങളുടെ സമ്മേളനമെന്ന് വിമര്‍ശനമുയര്‍ന്ന യുപി ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് വിജയകരമാക്കിയ വ്യവസായ വകുപ്പ് ഉന്നതോദ്യോഗസ്ഥന്‍ അനൂപ് ചന്ദ്ര പാണ്ഡെയ്ക്ക് പ്രവാസി വകുപ്പിന്റേുയം ഗ്രേറ്റര്‍ നോയ്ഡയുടയും അധിക ചുമതല നല്‍കി.
 

Latest News