മനില- ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ അഞ്ചു യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറുയാത്രാ വിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണ് യാത്രക്കാരുള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചു. വടക്കന്‍ മനിലയിലെ ബുലാകാനില്‍ ശനിയാഴ്ച രാവിലെയാണ് ദുരന്തം.പറന്നുയര്‍ന്ന് ഏറെ താമസിയാതെ തന്നെ പൈപ്പര്‍ 23 അപ്പാച്ചെ വിമാനം വീടിനു മുകളിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അപകട കാരണം വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്നവരെല്ലാം ഫിലിപ്പിനോകളാണ്. ഇവര്‍ക്കു പുറമെ താഴെയുണ്ടായിരുന്ന നാലു പേരും കൊല്ലപ്പെട്ടു. വിമാന ഇടിച്ചിറങ്ങിയതോടെ വീടിനു തീപ്പിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ലൈറ്റ് എയര്‍ എക്സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള ചെറുവിമാനം വടക്കന്‍ നഗരമായ ലാവോവാഗിലേക്ക് പറക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലൈറ്റ് എയര്‍ എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് ആന്റ് കൊറിയര്‍ കമ്പനിയുടെ എല്ലാ വിമാനങ്ങളുടേയും സര്‍വീസ് തടഞ്ഞു.