വാഷിംഗ്ടണ്‍- ചലച്ചിത്ര മേഖലയില്‍ ഓസ്‌കര്‍ പുരസ്‌കാരം നല്‍കുന്ന മോഷന്‍ പിക്‌ചേര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ്‌ലി ലൈംഗിക വിവാദത്തില്‍. ഇദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം ആരംഭിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോണ്‍ ബെയ്‌ലിക്കെതിരെ മൂന്ന് പരാതികള്‍ ലഭിച്ചയുടന്‍ ഓസ്‌കര്‍ അക്കാദമി അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരാതികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കുമെന്നും അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ. അക്കാദമി അംഗങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാ പരാതികളും പരിശോധിച്ച ശേഷം ഗവര്‍ണര്‍മാരുടെ ബോര്‍ഡിന് കൈമാറുകയാണ് അക്കാദമിയുടെ രീതി. അക്കാദമി അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് കഴിഞ്ഞ ഡിസംബറില്‍ അക്കാദമി രൂപം നല്‍കിയിരുന്നു. ഗ്രൗണ്ട്‌ഹോഗ് ഡോ, ദ ബിഗ് ചില്‍, തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സിനിമാട്ടോഗ്രാഫറായ ബെയ്‌ലിയെ കഴിഞ്ഞ ഓഗസ്റ്റിലാണ് നാല് വര്‍ഷ കാലാവധിയില്‍ ഓസ്‌കര്‍ അക്കാദമി പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഹോളിവുഡില്‍ ലൈംഗിക പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയുന്ന മി ടൂ കാമ്പയിനാണ് 75 കാരനായ ബെയ്‌ലിക്കെതിരായ പരാതികള്‍ക്ക് പിന്നിലുമെന്ന് കരുതുന്നു.