കൊല്‍ക്കത്ത-ആംബുലന്‍സില്‍ വെച്ച് അടിയന്തിര വൈദ്യസഹായം ലഭിക്കാത്തിനെ തുടര്‍ന്ന് 16 കാരന്‍ മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടറും ആംബുലന്‍സ് ഡ്രൈവറും അറസ്റ്റില്‍. ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയ എസി മെക്കാനിക്കിന് ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയതാണ് മകന്‍ അര്‍ജിത് ദാസിന്റെ മരണത്തിനിടയാക്കിയതെന്ന് പിതാവ് രഞ്ജിത് ദാസ് പോലീസില്‍ നല്‍കിയ പരാതയില്‍ പറഞ്ഞു.
ബുര്‍ദ്വാനിലെ അന്നപൂര്‍ണ നഴ്സിങ് ഹോമില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അര്‍ജിത് ദാസ് മരിച്ചത്. ആംബുലന്‍സില്‍ വെച്ച് അര്‍ജിതിന്റെ ആരോഗ്യനില വഷളായപ്പോള്‍ ഡോക്ടറായി ആംബുലന്‍സിലുണ്ടായിരുന്ന എസി മെക്കാനിക്ക് സര്‍ഫറാസുദ്ദീന് ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
മകനെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകാന്‍ 8000 രൂപ നല്‍കിയതായി പിതാവ് രഞ്ജിത് ദാസ് പറഞ്ഞു. ആംബുലന്‍സിനും ഡോക്ടറുടെ സേവനത്തിനുമായി രഞ്ജിത് ദാസില്‍നിന്ന് 16000 രൂപയാണ് ഈടാക്കിയത്.
മകന്‍ മരിച്ചതിനു ശേഷമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത് വ്യാജ ഡോക്ടറാണെന്ന് മനസ്സിലായത്. ആംബുലന്‍സില്‍ രോഗിയുടെ മാതാപിതാക്കളെ കയറ്റിയിരുന്നില്ല.