ഇസ്ലാമാബാദ്- തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ച് റാലിയില്‍ പങ്കെടുത്തതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അര ലക്ഷം പാകിസ്ഥാനി രൂപ പിഴയിട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സ്വാതില്‍ ഒരു റാലിയില്‍ പങ്കെടുത്തു പ്രസംഗിച്ചതിനാണ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്. റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മാര്‍ച്ച് 15ന് പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇംറാനെ വിലക്കിയിരുന്നു. ഇതു ലംഘിച്ചാണ് ഇംറാന്‍ റാലിയില്‍ പങ്കെടുത്തത്. കമ്മീഷന്‍ നേരത്തെ രണ്ടു തവണ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി ഇംറാനും മന്ത്രി അസദ് ഉമറും ഇസ്ലമാബാദ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇവരുടെ ആവശ്യം തള്ളുകയായിരുന്നു.
പാക്കിസ്ഥാനിലെ പുതിയ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ പ്രകാരം തെരഞ്ഞെടുപ്പു നടക്കുന്ന ജില്ലകളില്‍ ഭരണാധികാരികള്‍ സന്ദര്‍ശനം നടത്താന്‍ പാടില്ല. മാര്‍ച്ച് 31നാണ് ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.