ന്യൂദല്‍ഹി- ഇന്ത്യയില്‍ അടുത്ത രണ്ടു വര്‍ഷത്തിനകം ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടേതിന് തുല്യമാകുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ഓട്ടോറിക്ഷകളും പെട്രോള്‍ സ്‌കൂട്ടറുകളുടേയും കാറുകളുടേയും ഓട്ടോറിക്ഷകളുടേയും വിലയില്‍ ലഭിക്കും. ഇതിനായി പരമാവധി രണ്ടു വര്‍ഷമെ കാത്തിരിക്കേണ്ടതുള്ളൂ. ലിഥിയം അയണ്‍ ബാറ്ററികളുടെ വില കുറഞ്ഞുവരികയാണ്. സിങ്ക്-അയണ്‍, അലുമിനിയം-അയണ്‍, സോഡിയം-അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചു വരികയാണ്. പെട്രോളിനായി 100 രൂപ മുടക്കുന്നിടത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ 10 രൂപയെ മുടക്കേണ്ടി വരൂ- മന്ത്രി പറഞ്ഞു.
ശ്രദ്ധ ചെലവ് കുറഞ്ഞ ബദല്‍ ഇന്ധനങ്ങളിലേക്ക് തിരിക്കണമെന്നും ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള ഗതാഗത സാങ്കേതിക വിദ്യ സ്വീകരിക്കണമെന്നും എംപിമാരോട് ഗഡ്കരി അഭ്യര്‍ത്ഥിച്ചു. മലിന ജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ മണ്ഡലങ്ങളില്‍ നടപ്പാക്കണം. വൈകാതെ ഹൈഡ്രജന്‍ ഏറ്റവും വിലകുറഞ്ഞ ബദല്‍ ഇന്ധനമായി മാറാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.