Sorry, you need to enable JavaScript to visit this website.

ആര്‍.ആര്‍.ആര്‍ വരുന്നു; തിയേറ്ററില്‍ സ്‌ക്രീന്‍ സംരക്ഷിക്കാന്‍ കമ്പിവേലി

ശ്രീകാകുളം- രാജമൗലിയുടെ പുതിയ ചിത്രമായ ആര്‍.ആര്‍.ആര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ആരാധകര്‍ സ്‌ക്രീനിന് അടുത്തു വരാതിരിക്കാന്‍ കമ്പിവേലി.
ആന്ധ്രപ്രദേശില്‍ ശ്രീകാകുളത്തെ സൂര്യ തിയേറ്ററില്‍നിന്നുള്ളതാണ് ദൃശ്യം. രണ്ട് സൂപ്പര്‍ താരങ്ങളാണ് ഒരേ സിനിമയില്‍ വരുന്നതെന്നും തിയേറ്ററിനകത്ത് എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമാണ് സൂര്യ തിയേറ്റര്‍ ഇന്‍ചാര്‍ജ് പറയുന്നത്.
ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതാണ് ആര്‍.ആര്‍.ആര്‍ സിനിമയുടെ പ്രത്യേകത.  
കോവിഡ് കാരണം പലതവണ മാറ്റിവെച്ച ചിത്രം  25ന് തിയറ്ററുകളിലേക്ക് എത്തുകയാണ്.
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമയില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളുമുണ്ട്.   1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ  കഥ.

 

Latest News