ന്യൂദല്‍ഹി- ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ട വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോക്സി എന്നിവരുടെ 19,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇതിനകം കണ്ടുകെട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.
പൊതുമേഖലാ ബാങ്കുകള്‍ വഴി ഇവര്‍ 22,585.83 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 15 വരെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് പ്രകാരം 19,111.20 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിതായി
രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
19,111.20 കോടി രൂപയുടെ ആസ്തിയില്‍ 15,113.91 കോടി രൂപ ബാങ്കുകള്‍ക്ക് ലഭ്യമാക്കി.
കൂടാതെ, 335.06 കോടി രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൊത്തം കബളിപ്പിച്ച ഫണ്ടിന്റെ 84.61 ശതമാനമാണ് ഇതുവരെ കണ്ടുകെട്ടിയത്. ബാങ്കുകള്‍ക്കുണ്ടായ മൊത്തം നഷ്ടത്തിന്റെ 66.91 ശതമാനം ബാങ്കുകള്‍ക്ക് കൈമാറിയതായും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം കൈമാറിയ ആസ്തികള്‍ വിറ്റ് 7,975.27 കോടി രൂപയാണ് നേടിയത്.