ന്യൂദല്‍ഹി-പെട്രോള്‍,ഡീസല്‍, പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. ശൂന്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് വിഷയം ഉന്നയിച്ചിത്. പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
കോണ്‍ഗ്രസ്, തൃണമൂല്‍, എന്‍.സി.പി, ഡി.എം.കെ, ഇടതുപാര്‍ട്ടികളുടെ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇന്ധന വില വര്‍ധനയില്‍നിന്ന് പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലോക്സഭ സമ്മേളിച്ചയുടന്‍ ചോദ്യോത്തര വേളയില്‍ പ്രശ്നം ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള അനുവദിച്ചില്ല. ചോദ്യോത്തര വേളക്കുശേഷം വിഷയം ഉന്നയിക്കാനാണ് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചത്.
പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 80 പൈസയാണ് ഇന്ന് മുതല്‍ വര്‍ധിപ്പിച്ചത്. ഗാര്‍ഹിക പാചക വാതക വില സിലിണ്ടറിന് 50 രൂപയും കൂട്ടി. നാലര മാസത്തെ ഇടവേളക്കുശേഷമാണ് വില വര്‍ധിപ്പിച്ചത്.