വാഷ്ങ്ടന്‍- സാമ്പത്തിക വിദഗ്ധനായ അഫ്ഗാനിസ്ഥാന്‍ മുന്‍ ധനമന്ത്രി ഖാലിദ് പായെന്ദ ഉപജീവനത്തിനായി ഇപ്പോള്‍ യുഎസില്‍ ഊബര്‍ ടാക്‌സി ഓടിക്കുന്നു. താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചടക്കുന്നതിനു ഒരാഴ്ച മുമ്പാണ് ഖാലിദ് ധനമന്ത്രി പദവി രാജിവച്ചത്. നാടുവിട്ട മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു രാജി. 600 കോടി ഡോളറിന്റെ അഫ്ഗാന്‍ ബജറ്റ് കൈകാര്യം ചെയ്തിരുന്ന ഖാലിദ് ഇപ്പോള്‍ വാഷിങ്ടനില്‍ ടാക്‌സി ഓടിച്ച് ദിവസവും ആറു മണിക്കൂര്‍ ജോലിയ ചെയ്ത് സമ്പാദിക്കുന്നത് 150 ഡോളറാണ്. അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റം ഒരു അഡ്ജസ്റ്റ്‌മെന്റായിരുന്നു എന്നും തന്നെ കൊണ്ട് കഴിയും വിധം കുടുംബത്തെ പോറ്റാന്‍ കഴിയുന്നതില്‍ സന്തുഷ്ടനാണെന്നും വാഷിങ്ടന്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം യുഎസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് സേനയെ പിന്‍വലിച്ചതാണ് താലിബാന് ഭരണം പിടിച്ചെടുക്കാന്‍ വഴിയൊരുക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്കു വേണ്ടി കെട്ടുറപ്പുള്ള ഒരു സംവിധാനം ഉണ്ടാക്കാന്‍ 20 വര്‍ഷവും ലോകത്തിന്റെ മൊത്തം പിന്തുണയും നമുക്ക് ഉണ്ടായിരുന്നു. എന്നാല്‍ നാം പണിതത് ഇത്ര വേഗത്തില്‍ തകര്‍ന്നടിയുന്ന, അഴിമതിയില്‍ കെട്ടിപ്പടുത്ത ഒരു ചീട്ടുകൊട്ടാരമായിരുന്നു- അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ വീണ ദിവസം ഖാലിദ് ലോക ബാങ്കിനയച്ച സന്ദേശമായിരുന്നു ഇത്.