കേരളത്തിലെ ഏറ്റവും വലിയ ക്ലിനിക് നെറ്റ്‌വർക്ക്, ആദ്യത്തെ ബൂട്ടിക് ആക്ടിവിറ്റി റിസോർട്ട്, ഇന്ത്യയിലെ ആദ്യത്തെ സൂഖ് തുടങ്ങി 500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക് കേരളത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡുകളിലൊന്നാകുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂഖ്, മലബാർ കൾച്ചറൽ മ്യൂസിയം, സംസ്ഥാനത്തെ ഏറ്റവും വലിയ റിസർച്ച് സെന്റർ തുടങ്ങി ഒരുപാട് പ്രത്യേകതകളോടെ കോഴിക്കോട് കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിക്കുള്ളിൽ പണിതുയർത്തിയ കൾച്ചറൽ സെന്റർ ടാലൻമാർക്കിനു പ്രത്യേകമായ സ്ഥാനം നേടിക്കൊടുത്തു. പൊതുജനങ്ങൾക്കായി തുറക്കുന്നതോടെ വടക്കൻ കേരളത്തിലെ വിനോദ സഞ്ചാരങ്ങളുടെ കേന്ദ്ര ബിന്ദുവാകാൻ കൾച്ചറൽ സെന്ററിനാകുമെന്ന് സൗദിയിൽ പര്യടനം നടത്തുന്ന കമ്പനി പാർട്ണർമാരായ ഹിബത്തുല്ലയും മുഹമ്മദ് ഷക്കീലും പറഞ്ഞു.
ഹബീബ് റഹ്മാൻ, ഹിബത്തുല്ല, മുഹമ്മദ് ഷക്കീൽ എന്നിവർ ചേർന്ന് 2014 ൽ ആരംഭിച്ച ടാലൻമാർക്ക് കൾച്ചറൽ സെന്ററിനു പുറമെ വയനാട്ടിലെ വൈത്തിരിക്കടുത്ത് ആരംഭിച്ച ചിൽഗ്രോവ് വില്ല റിസോർട്ടും ഇപ്പോൾ പണി പൂർത്തിയായി വരികയാണ്. ഏറ്റെടുത്ത സംരംഭങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ടാലൻമാർക് വളർച്ചയുടെ മറ്റൊരു കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നത്.
കേരളത്തിന്റെ വില്ലേജുകളിലേക്കും ഉൾഗ്രാമങ്ങളിലേക്കും ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ടാലൻ ഹെൽത്ത് ഫാമിലിയ ഹെൽത്ത് കെയറുമായി ചേർന്ന് ടാലൻ ഫാമിലിയ എന്ന പേരിൽ 100 ഓളം ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങുകയാണ്. അതിൽ ആദ്യത്തെ 10 ക്ലിനിക്കുകൾ പുതിയ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഉദ്ഘാടനം ചെയ്യും. വടക്കൻ കേരളത്തിലെ ജില്ലകളിലായിട്ടായിരിക്കും ഈ ക്ലിനിക്കുകൾ ആരംഭിക്കുക. പൂർണ സമയ ജനറൽ ഫിസിഷ്യനു പുറമെ, വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും മികച്ച ലാബ്, ഫാർമസി, ഒബ്സർവേഷൻ ബെഡ് എന്നിവയും ഓരോ ക്ലിനിക്കിലും ഉണ്ടായിരിക്കും. ഓരോ രോഗിയുടെയും പൂർണമായ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന തരത്തിൽ ടെർഷറി, ക്വർട്ടനറി കെയർ സെന്ററുകളുമായി കോർത്തിണക്കിയായിരിക്കും ടാലൻ ഫാമിലിയയുടെ പ്രവർത്തനം. എല്ലാ ക്ലിനിക്കുകളും ഹോം കെയർ സർവീസ് നൽകാവുന്ന തരത്തിൽ സജ്ജമായിരിക്കും. കുറഞ്ഞ ചെലവിൽ എല്ലാവർക്കും ചികിത്സ ലഭ്യമാക്കാൻ ടാലൻ ഫാമിലിയക്ക് കഴിയുമെന്നതാണ് സംരംഭത്തിനു പിന്നിലെ പ്രധാന ലക്ഷ്യം
പ്രവാസി ഫാമിലികൾക്കായി പ്രത്യേക പ്രവാസി കാർഡ് പുറത്തിറക്കും. കാർഡുള്ളവർക്ക് പ്രത്യേക നിരക്കിൽ ഡോക്ടറെ കാണാനും മറ്റു സർവീസുകൾ സ്വീകരിക്കുവാനും സൗകര്യമേർപ്പെടുത്തും. കൂടാതെ എൻആർഐ ഫാമിലികൾക്കായി ക്യൂ രഹിത ഒപി സൗകര്യവും പ്രത്യേക ഗസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവുകളും ലഭ്യമാക്കുന്ന തരത്തിലായിരിക്കും ടാലൻ ഫാമിലിയ പ്രവർത്തിക്കുകയെന്നും ടാലൻമാർക് ഡയറക്ടർമാർ അറിയിച്ചു.
ടാലൻമാർക് ഹോസ്പിറ്റാലിറ്റിയുടെ കീഴിൽ കേരളത്തിലെ ആദ്യത്തെ ബൂട്ടിക് ആക്ടിവിറ്റി റിസോർട്ടും പുതിയ സാമ്പത്തിക വർഷം ആദ്യപാദത്തിൽ തന്നെ പ്രവർത്തനമാരംഭിക്കും. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ആദ്യത്തെ ടാലൻ റിസോർട്ട്സ് പ്രവർത്തിക്കുക. യാത്രക്കാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്നതും തെരഞ്ഞെടുക്കാവുന്നതുമായ ആക്ടിവിറ്റികളെ കോർത്തിണക്കി പ്രവർത്തിക്കുന്ന ടാലൻ റിസോർട്ട് ലക്ഷുറി സ്റ്റേയുടെയും വൈവിധ്യമാർന്ന ആക്ടിവിറ്റികളുടെയും കൃത്യമായ മിശ്രണമെന്ന നിലയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റും. ഇന്ത്യയിലെ ആദ്യത്തെ സൂഖിന്റെ ഓപറേഷൻസുമായി ടാലൻമാർക് മറ്റൊരു ചുവടുവെക്കുകയാണ്. മലബാർ കൾച്ചറുമായി ബന്ധപ്പെടുത്തി വളരെ നവീനമായ രീതിയിൽ നടത്തുന്ന എക്‌സിബിഷനുകളിലൂടെയാവും ആദ്യഘട്ടത്തിൽ സൂഖ് പ്രവർത്തിക്കുക. ദൈനംദിന വസ്തുക്കൾ മുതൽ പ്രാദേശിക വിഭവങ്ങൾ വരെ ലഭ്യമാക്കുന്ന രീതിയിലാവും ഷോപ്പുകളുടെ രൂപഘടന. പ്രാദേശിക വിഭവങ്ങൾക്ക് അന്തർദേശീയ വിപണി കണ്ടെത്തുന്ന രീതിയിൽ ഓൺലൈനായും ഓഫ്ലൈനായും വിഭവങ്ങൾ എത്തിക്കുന്ന രീതിയിലാവും സൂഖിന്റെ പ്രവർത്തനം.