മുംബൈ- ഭര്‍ത്താവുണ്ടായിരിക്കെ മറ്റൊരു പുരുഷനില്‍ ആകര്‍ഷണം തോന്നിയ കാര്യം വെളിപ്പെടുത്തി നടി നിഷാ റാവല്‍. ലോക്ക് അപ്പിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ എലിമിനേഷനില്‍ നിന്ന് രക്ഷപ്പെടാനാണ് നടി തന്റെ ജീവിതത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
അമ്മയെ കുറിച്ച് വെളിപ്പെടുത്താന്‍ മുനവര്‍ സിദ്ദിഖിക്ക് അവസരം നല്‍കിയതിനൊപ്പമാണ് ജീവിതത്തിലെ മറ്റൊരാളെ കുറിച്ച് വെളിപ്പെടുത്താന്‍ നിഷയ്ക്ക് അവസരം നല്‍കിയത്.
അവതാരക നടി കങ്കണ റണാവത്ത് മുമ്പാകെയാണ് നിഷ തന്റെ ജീവിതത്തിലുണ്ടായ മറ്റൊരാളുടെ കഥ പങ്കുവെച്ചത്.
2012ലായിരുന്നു കരണ്‍ മെഹ്‌റയുമായുള്ള വിവാഹം. 2014ല്‍ ഗര്‍ഭം അലസിയ കാര്യം പലര്‍ക്കും അറിയാം. അഞ്ച് മാസം പ്രായമായപ്പോഴാണ് കുഞ്ഞിനെ നഷ്ടമായത്. താന്‍ ശാരീരികമായും മാനസികമായും പീഡനമനുഭവിച്ച ഒരു ബന്ധത്തിലായിരുന്നുവെന്നും പലര്‍ക്കും അറിയാം. ഗര്‍ഭം അലസലിനുശേഷം ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. അക്കാലത്ത് ധാരാളം അധിക്ഷേപങ്ങള്‍ നേരിടേണ്ടിവന്നു. അറിയപ്പെടുന്ന സ്ത്രീ ആയതിനാല്‍ അത് ആരുമായും പങ്കുവെക്കാന്‍ കഴിഞ്ഞില്ല. സമൂഹം എന്തുകരുതുമെന്നായിരുന്നു ഭയം. ആരും പിന്തുണക്കാനില്ലാത്ത അവസ്ഥയില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു.
2015 ല്‍ ബന്ധുവിന്റെ വിവാഹത്തിനു മുമ്പുള്ള ചടങ്ങില്‍ വെച്ചാണ് ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നത്. ഞെട്ടിക്കുന്ന സംഭവത്തില്‍ പൂര്‍ണമായും തളര്‍ന്നു. ആരോടെങ്കിലും സംസാരിക്കാന്‍ പോലുമായില്ല. ആ സമയത്ത് ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറുകയായിരുന്നു. അവിടെ വെച്ചാണ് പഴയ സുഹൃത്തിനെ കണ്ടത്. ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍.
പഴയ പീഡനം മറക്കാന്‍ അയാളെ വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ അയാളെ കാണുന്നതെല്ലാം ഭര്‍ത്താവിന് അറിയാമായിരുന്നു.(നിഷാ റാവലും കരണ്‍ മെഹ്‌റയും പിന്നീട് വിവാഹ മോചിതരായി).
ഒരു വിധത്തിലുള്ള പിന്തുണം ലഭിക്കാതെ ഒറ്റപ്പെട്ടു പോയിരുന്ന തനിക്ക് പഴയ സുഹൃത്തുമായുള്ള അടുപ്പം വലിയ ആശ്വാസമായി. അദ്ദേഹത്തില്‍ നിന്ന് പിന്തുണ ലഭിച്ച പിന്തുണയില്‍ ഞാന്‍ ശരിക്കും ആകര്‍ഷിക്കപ്പെട്ടു. ആ വ്യക്തിയെ ചുംബിച്ച കാര്യം ഭര്‍ത്താവിനോട് ഏറ്റുപറഞ്ഞു.
വേര്‍പിരിയുന്നതിനെക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കുന്ന വേളയായിരുന്നു അത്. ആ സംഭവത്തിന് ശേഷം വിവാഹമോചിതയാകണമെന്ന് പൂര്‍ണമായും തീരുമാനിച്ചു.
ആ സാഹചര്യത്തില്‍ ബന്ധം തുടരാനാവില്ലെന്നും രണ്ടുപേരും വേറിടണമെന്നുമായിരുന്നു ഉറച്ച തീരുമാനം.
വൈവാഹിക ജീവിതം സംബന്ധിച്ച് താനൊരു വിദഗ്ധയല്ലെന്നും എന്നാല്‍ വിവാഹത്തില്‍ ഇത്തരം പ്രലോഭനങ്ങള്‍ വരുന്ന ഘട്ടമുണ്ടെന്നും കങ്കണ പ്രതികരിച്ചു. കാര്യങ്ങള്‍ തുറന്നു പറയാന്‍ മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും കങ്കണ നിഷയോട് പറഞ്ഞു.
പല സ്ത്രീകളും പുരുഷന്മാരും നിങ്ങളെ പോലെ ഉണ്ടാകുമെന്നും പുരുഷന്മാരും മോശം ബന്ധത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും സമൂഹത്തിനു വേണ്ടിയാണ് ശവശരീരം പോലെ വിവാഹത്തെ വലിച്ചിഴച്ചുകൊണ്ടു പോകുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ഇതെല്ലാം ഉണ്ടായിരുന്നിട്ടും ഗാര്‍ഹിക പീഡനം ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ മറ്റൊരാളുമായുള്ള ബന്ധം ഉപേക്ഷിക്കാനും വൈവാഹിക ബന്ധം തുടരാനും തീരുമനിച്ചിരുന്നുവെന്ന് നിഷ പറഞ്ഞു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഒടുവില്‍ വിവാഹം വേര്‍പെടുത്തുകയെന്ന തീരുമാനം കഴിഞ്ഞ വര്‍ഷം യാഥാര്‍ഥ്യമാക്കിയെന്നും നടി പറഞ്ഞു. വീണ്ടുമൊരു പങ്കാളിയിലൂടെ സ്‌നേഹം കണ്ടെത്താന്‍ കഴിയട്ടെയെന്ന് കങ്കണ ആശംസിച്ചു.
ഗാര്‍ഹിക പീഡന പരാതിയില്‍ കരണ്‍ മെഹ്്‌റെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.