പട്‌ന- മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരദ് യാദവ് തന്റെ പാര്‍ട്ടിയായ ലോക് തന്ത്രിക് ജനതാ ദളിനെ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളില്‍ ലയിപ്പിക്കുന്നു. ദല്‍ഹിയില്‍ ശരത് യാദവിന്റെ വസതിയില്‍ ഔദ്യോഗിക ലയന പരിപാടി നടക്കും. ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും സംബന്ധിക്കും. 2017ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് തിരിച്ചു പോകാന്‍ ജെഡിയു തീരുമാനിച്ചതിനെ തുടര്‍ന്നാണ് ശരദ് യാദവ് ജെഡിയു വിട്ട് എല്‍ജെഡി രൂപീകരിച്ചത്. ഈ പാര്‍ട്ടിയുടെ ബാനറില്‍ ഇതുവരെ തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിട്ടില്ല. ബിഹാറിലും പുറത്തും രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാനും ശരത് യാദവിനും പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. 2019ല്‍ ആര്‍ജെഡി ടിക്കറ്റില്‍ ബിഹാറിലെ മധേപുര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും അദ്ദേഹം തോറ്റു. 2020ല്‍ നടന്ന ബിഹാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരദ് യാദവിന്റെ മകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ച് തോറ്റിരുന്നു.
രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ലക്ഷ്യവുമായി പഴയ ജനതാ ദളില്‍ നിന്ന് വേര്‍പ്പിരിഞ്ഞ പാര്‍ട്ടികളേയും സമാനമനസ്‌ക്കരേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എന്റെ പാര്‍ട്ടിയായ എല്‍ജെഡിയെ ആര്‍ജെഡിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്- 74കാരനായ ശരദ് യാദവ് പറഞ്ഞു.
ആര്‍ജെഡി ശരദ് യാദവിനെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കം നടത്തുന്നതായും റിപോര്‍ട്ടുണ്ട്. പാര്‍ട്ടി ലയന ശേഷം ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ജൂണിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കാല്‍ നൂറ്റാണ്ട് മുമ്പ് വരെ ജനതാ ദളില്‍ ലാലുവിന്റെ കൂടെയുണ്ടായിരുന്ന ശരത് യാദവ് 1997ല്‍ ലാലു ആര്‍ജെഡി രൂപീകരിച്ചതോടെയാണ് വേര്‍പ്പിരിഞ്ഞത്. ശരദ് യാദവ് പിന്നീട് ജെഡിയു രൂപീകരിക്കുകയും അതു പീന്നീട് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടിയില്‍ ലയിക്കുകയും ചെയ്തു. പിന്നീട് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ലാലുവും ശരദ് യാദവും പരസ്പരം പോരടിച്ചു ജയിച്ചും തോറ്റുമിരുന്നു. ഒടുവില്‍ രണ്ടു പേരും സജീവ രാഷ്ട്രീയ രംഗത്ത് അധികം ദൃശ്യമല്ലാതായ കാലത്താണ് ഈ ഒന്നിക്കല്‍.