രാംഗഢ്- ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ ജാര്‍ഖണ്ഡിലെ രാംഗഢില്‍ ആലിമുദ്ദീന്‍ എന്ന മുസ്്ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി നേതാവുള്‍പ്പെടെയുള്ള 11 ഗോരക്ഷാ ഗുണ്ടകള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലക്കുറ്റത്തിനാണ് കോടതി ഇവരെ വിചാരണ ചെയ്തത്. ശിക്ഷ വിചാരണ കോടതി ഈ മാസം 20ന് വിധിക്കും. ആലിമുദ്ദീനെ ആള്‍ക്കുട്ടം മര്‍ദിച്ചു കൊന്ന സംഭവം മുന്‍കൂട്ടി ആസുത്രണം ചെയതതായിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപകമായുണ്ടായ പശുവിന്റെ പേരിലുള്ള ആക്രമണ സംഭവങ്ങളില്‍ ആദ്യമായാണ് ഒരു കോടതി പ്രതികളെ കുറ്റക്കാരാണെന്ന് വിധിക്കുന്നത്. അസ്ഗര്‍ അന്‍സാരി എന്ന ആലിമുദ്ദീനെ ജൂണ്‍ 29നാണ് രാംഗഢില്‍ ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചു കൊന്നത്.
200 കിലോ ബീഫ് തന്റെ വാനില്‍ കൊണ്ടു പോകുന്നതിനിടെയാണ് ആലിമുദ്ദീന്‍ ആക്രമണത്തിനിരയായത്. അദ്ദേഹത്തിന്റെ വാഹനത്തിനു ആക്രമികള്‍ തീയിടുകയും ചെയ്തിരുന്നു. പോലീസ് ഇടപെട്ട് ആലിമുദ്ദീനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആലിമുദ്ദീനെ കൊലപ്പെടുത്തിയത് ബജ്്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ഭാര്യ മറിയം ഖാത്തൂന് നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിനു തൊട്ടുപിറകെ പ്രതികളായ ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ അടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ പിന്നീട് കീഴടങ്ങുകയായിരുന്നു.
കേസില്‍ വിചാരണ നടക്കുന്നതിനിടെ കേസില്‍ സാക്ഷിയായ ആലിമുദ്ദീന്റെ സഹോദരന് ജലീല്‍ അന്‍സാരിയുടെ ഭാര്യ കോടതിക്കു സമീപം അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ സംഭവം വീണ്ടും വാര്‍ത്തയായിരുന്നു.
കോടതിയില്‍ മൊഴി നല്‍കാനെത്തിയ ജലീല്‍ തിരിച്ചറിയല്‍ രേഖ എടുക്കാന്‍ വിട്ടുപോയതിനെ തുടര്‍ന്ന് ഇതെടുക്കാന്‍ വീട്ടിലേക്കു തിരിച്ച ഭാര്യ ജുലേഖ ബൈക്കിടിച്ചു മരിക്കുകയായിരുന്നു. ഈ കേസ് വഴിതിരിച്ചിടാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ് ഈ കൊലയെന്ന് ആലിമുദ്ദീന്റെ ഭാര്യ ആരോപിച്ചിരുന്നു.