Sorry, you need to enable JavaScript to visit this website.

ഈത്തപ്പഴത്തില്‍ കുരുവിനു പകരം സ്വര്‍ണം; രണ്ട് പേര്‍ പിടിയില്‍ 

ന്യൂദല്‍ഹി- റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും ദല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ടു യാത്രക്കാരില്‍നിന്ന് ഈത്തപ്പഴത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടിച്ചു. ഈത്തപ്പഴത്തില്‍ കുരുവിനു പകരം ഇതേ വലിപ്പത്തിലുള്ള ചെറിയ ബാറുകളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. റിയാദില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേയ്സ് യാത്രക്കാരനില്‍ നിന്ന് ബുധനാഴ്ചയാണ് എയര്‍പോര്‍ട്ടിലെ കസ്റ്റംസ് വിഭാഗം സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടിരുന്നില്ലെങ്കിലും ചെറിയ ഈത്തപ്പഴ പായ്ക്ക് പൊളിച്ചു നോക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഇത്തരത്തില്‍ 350 ഗ്രാം തൂക്കം വരുന്ന 34 കട്ടികള്‍ കണ്ടെടുത്തു. 
ഇതേ ദിവസം തന്നെ വൈകുന്നേരം ജിദ്ദയില്‍ നിന്നെത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനില്‍നിന്നും ഈത്തപ്പഴത്തില്‍ ഒളിപ്പിച്ച 25 സ്വര്‍ണകട്ടികളും കണ്ടെടുത്തു. ഇത് 250 ഗ്രാം തൂക്കമാണുണ്ടായിരുന്നത്. 
അതേസമയം, ഇവരില്‍നിന്നു പിടിച്ചെടുത്ത സ്വര്‍ണം 20 ലക്ഷം രൂപയില്‍ താഴെ മാത്രമെ വിലവരുന്നുള്ളൂ എന്നതിനാല്‍ രണ്ടു യാത്രക്കാരേയും അറസ്റ്റ് ചെയ്തില്ല.

Latest News