ന്യൂദൽഹി- കേന്ദ്ര സർക്കാറിനുള്ള പിന്തുണ തെലുങ്കുദേശം പാർട്ടി പിൻവലിച്ചു. കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും ടി.ഡി.പി തീരുമാനിച്ചു. ടി.ഡി.പിക്ക് പുറമെ, ആന്ധ്രപ്രദേശിൽനിന്നുള്ള വൈ.എസ്.ആർ കോൺഗ്രസും കേന്ദ്രത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചു. പതിനാറ് അംഗങ്ങളുള്ള ടി.ഡി.പി അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ കേന്ദ്ര സർക്കാറിന്റെ ഭൂരിപക്ഷം 315 ആയി കുറഞ്ഞു. സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും മുന്നണി വിട്ടുവെന്നും ടി.ഡി.പി എം.പി തൊട്ട നരസിംഹൻ പറഞ്ഞു. കേന്ദ്രത്തിനെതിരായ നീക്കമാണിതെന്നും സർക്കാറിനെ ബാധിക്കില്ലെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
അവിശ്വാസപ്രമേയം കൊണ്ടുവരാൻ അൻപത് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. തൃണമൂൽ കോൺഗ്രസ്, ബി.ജെ.ഡി തുടങ്ങിയ അംഗങ്ങളുടെ പിന്തുണ ലഭിക്കാനുള്ള നീക്കം ടി.ഡി.പിയും വൈ.എസ്.ആറും തുടങ്ങി.
നിലവിൽ കേന്ദ്ര സർക്കാറിന് ഭീഷണിയില്ലെങ്കിലും ഇതാദ്യമായാണ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം വരുന്നത്. ബി.ജെ.പിക്ക് മാത്രമായി 272 പേരുടെ പിന്തുണയുണ്ട്. എൻ.ഡി.എ സഖ്യകക്ഷികൾക്ക് അൻപത് സീറ്റാണുള്ളത്. ഇതിലെ ഏറ്റവും വലിയ രണ്ടു കക്ഷികളാണ് ടി.ഡി.പിയും ശിവസേനയും. ശിവസേനക്ക് പതിനെട്ടും ടി.ഡി.പിക്ക് പതിനാറും സീറ്റുകളുണ്ട്. ഈ രണ്ടു കക്ഷികൾക്കും കൂടി 34 സീറ്റുകളുണ്ട്. ഇതിന് പുറമെ ലോക്ജനശക്തിയാണ് ഏറ്റവും വലിയ പാർട്ടി. അവർക്ക് ആറ് സീറ്റുകളുണ്ട്. ശിരോമണി അകാലിദളിന് നാലും ആർ.എൽ.പിക്ക് മൂന്നും അപ്നാദളിന് രണ്ടും നാഗാപീപ്പിൾസ്, എൻ.പി.പി, പട്ടാളിമക്കൾ കക്ഷി, സ്വാഭിമാൻ, ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഓരോ സീറ്റുമാണുള്ളത്.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിൽനിന്ന് തങ്ങളുടെ രണ്ടു പ്രതിനിധികളെ കഴിഞ്ഞദിവസം ടി.ഡി.പി പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് കേന്ദ്രത്തിനുള്ള പിന്തുണ പിൻവലിക്കാനും അവിശ്വാസപ്രമേയം കൊണ്ടുവരാനും ടി.ഡി.പി തീരുമാനമെടുത്തത്. ആത്മാഭിമാനം സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും ഈ സഹചര്യത്തിൽ മറ്റ് മാർഗമില്ലെന്നുമാണ് ചന്ദ്രബാബു നായിഡു എം.പിമാരോട് പറഞ്ഞത്. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഏറ്റുമുട്ടൽ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും നായിഡു കുറ്റപ്പെടുത്തി.