ന്യൂയോര്‍ക്ക്- താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കാനുള്ള പ്രമേയം യുഎന്‍ രക്ഷാ കൗണ്‍സില്‍ വോട്ടിലൂടെ പാസാക്കി. പ്രമേയം താലിബാന്‍ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും അഫ്ഗാനില്‍ ഒരു വര്‍ഷത്തെ രാഷ്ട്രീയ ദൗത്യം നടപ്പിലാക്കുന്നതിനാണ് യുഎന്‍ ഔപചാരിക ബന്ധം സ്ഥാപിച്ചത്. രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതില്‍ ഇത് വളരെ സുപ്രധാനമാണെന്നും യുഎന്‍ വിലയിരുത്തി. യുഎന്‍ രക്ഷാ സമിതിയിലെ 14 അംഗങ്ങള്‍ അനൂകൂലിച്ച് വോട്ട് ചെയ്തു. റഷ്യ വിട്ടു നിന്നു. അഫ്ഗാനിലെ മാനുഷിക, സാമ്പത്തിക പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുന്നതിനും രാജ്യത്ത് സമാധാനവും സ്ഥിരതയും കൊണ്ടു വരുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് യുഎന്നിന്റെ ഈ ദൗത്യമെന്ന് യുഎന്നിലെ നോര്‍വീജിയന്‍ അംബാസഡര്‍ മോന ജൂള്‍ പറഞ്ഞു. നോര്‍വെയാണ് ഈ പ്രമേയത്തിന്റെ കരട് തയാറാക്കിയത്.