മുംബൈ- മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന് ജാമ്യം ലഭിക്കാന്‍ മൂന്ന് കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ നവാബ് മാലിക്കിന്റെ മകന്‍ പോലീസില്‍ പരാതി നല്‍കി. മാലിക്കിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്.
മന്ത്രിയുടെ മകന്‍ അമീര്‍ മാലിക് നല്‍കിയ പരാതിയെ തുടര്‍ന്ന് വി.ബി നഗര്‍ പോലീസ് അജ്ഞാതര്‍ക്കെതിരെ എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
എന്‍സിപി നേതാവ് നവാബ് മാലിക്കിനെ ജാമ്യത്തില്‍ വിട്ടുകിട്ടാന്‍ സഹായിക്കാമെന്നും ബിറ്റ്‌കോയിന്‍ വഴി മൂന്ന് കോടി രൂപ നല്‍കണമെന്നും ഇംതിയാസ് എന്നയാളാണ് ഇ മെയില്‍ അയച്ചതെന്ന് പരാതിയില്‍ പറഞ്ഞു.
എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും രഹസ്യ കാര്യമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അമീര്‍ മാലിക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വത്ത് ഇടപാടിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഫെബ്രുവരി 23 ന് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അദ്ദേഹം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്.