ന്യൂദൽഹി- എല്ലാ തലത്തിലും ഉൾപ്പെട്ടവരെ ഉൾക്കൊള്ളാൻ പാകത്തിൽ കൂട്ടായ നേതൃത്വം വേണമെന്ന് കോൺഗ്രസ് നേതാക്കളുടെ യോഗം. ജി-23 നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ന് ദൽഹിയിൽ ഗുലാം നബി ആസാദിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് നാളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. ബി.ജെ.പിയെ എതിർക്കാൻ സമാനമനസ്‌കരുമായി കൂടിച്ചേരണമെന്നും ജി-23 നേതാക്കൾ ആവശ്യപ്പെട്ടു. നാളെ സോണിയ ഗാന്ധിയുമായി നടക്കുന്ന ചർച്ചയിൽ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും പങ്കെടുക്കും. കോൺഗ്രസിനെ രക്ഷിക്കാൻ എല്ലാ തലങ്ങളിലുള്ളവരെയും ഉൾക്കൊള്ളുന്ന നേതൃത്വം സ്വീകരിക്കുക എന്നതാണ് ഏക പോംവഴി എന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.