ന്യൂദൽഹി- ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗത്തിലെ തീരുമാനവും തന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കോൺഗ്രസിൽ പരിഷ്കരണത്തിന് വേണ്ടി വാദിക്കുന്ന ജി-23 സംഘത്തിലെ പ്രധാന നേതാവ് കൂടിയായ കപിൽ സിബൽ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2014 മുതൽ കോൺഗ്രസ് താഴേക്ക് പോകുകയാണ്. ഓരോ സംസ്ഥാനങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരിക്കാൻ ആവശ്യമായ അംഗങ്ങളെ വിജയിപ്പിക്കാനായ സംസ്ഥാനത്ത് പോലും വിജയിച്ചവരെ ഒരുമിച്ചുനിർത്താൻ കോൺഗ്രസിന് സാധിച്ചില്ല. നിരവധി നേതാക്കൾ പാർട്ടിവിട്ടു. 2022-ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ പോലും അതുണ്ടായി. ഞാൻ കണക്കുനോക്കുകയായിരുന്നു. 2014-മുതൽ എം.പിമാരും എം.എൽ.എമാരും അടക്കം 177 പേർ കോൺഗ്രസ് വിട്ടു. 222 സ്ഥാനാർത്ഥികളും പാർട്ടിയിൽനിന്ന് പോയി. മറ്റൊരു പാർട്ടിയിലും ഇത്രയേറെ പലായനം നടന്നിട്ടില്ല.
കാലാകാലങ്ങളിൽ അപമാനകരമായ തോൽവികൾ നാം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ പ്രസക്തമാകുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടുകളുടെ ശതമാനം ഏതാണ്ട് നിസാരമാണ്. ഉത്തർപ്രദേശിൽ 2.33 ശതമാനം വോട്ട് വിഹിതമാണുള്ളത്. ഇത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. വോട്ടർമാരുമായി ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിയുന്നില്ല. ഞങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്നില്ല. ആളുകളിലേക്ക് എത്താനാകുന്നില്ല. ഞങ്ങളുടെ പ്രവേശനക്ഷമത പൊതു ചർച്ചയുടെ വിഷയമാണ്. ഗുലാം നബി ആസാദ് പറഞ്ഞതുപോലെ, ഒരു നേതാവിന് പ്രവേശനക്ഷമത, ഉത്തരവാദിത്തം, സ്വീകാര്യത എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കണം. 2014 മുതൽ, ഉത്തരവാദിത്തത്തിന്റെ അഭാവവും സ്വീകാര്യത കുറയുകയും പ്രവേശനക്ഷമത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ കുറയുകയും ചെയ്യുന്നു. അതാണ് യഥാർത്ഥ പ്രശ്നം. അതിനാൽ ഫലങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയില്ല.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംഭവിച്ചതും എന്നെ അത്ഭുതപ്പെടുത്തിയില്ല. കനത്ത പരാജയം ഏറ്റുവാങ്ങി എട്ടുവർഷം പിന്നിട്ടിട്ടും അതിന്റെ കാരണം കണ്ടെത്താൻ ഒരു പാർട്ടിക്ക് കഴിയുന്നില്ല എങ്കിൽ എന്താണ് പറയേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ തകർച്ചയുടെ കാരണം കണ്ടെത്താൻ അതിന്റെ നേതാക്കൾക്കും നേതൃത്വത്തിനും കഴിയുന്നില്ല. കോൺഗ്രസ് ഒരു ചിന്താ പ്രക്രിയയെ പ്രതിനിധീകരിക്കുന്ന സംഘമാണ്. കോൺഗ്രസ് എന്ന വാക്ക് ഉണ്ടായത് ഒരുമയിൽ നിന്നാണ്.
ഹിന്ദു മതത്തിൽ പെടാത്ത ഒരാളിൽ നിന്നാണ് യഥാർത്ഥ കോൺഗ്രസ് ജനിച്ചത്. കോൺഗ്രസിന്റെ കുടക്കീഴിൽ എല്ലാവരും ഒന്നിക്കുകയും ആ ചിന്താ പ്രക്രിയയിൽ ഭാഗഭാഗാക്കുകയും ചെയ്തു. കോൺഗ്രസിന്റെ അധികാര ഘടനകൾ വളരെ സംഘടിതമായിരുന്നു. ആ കുടയ്ക്കുള്ളിൽ എല്ലാവരും ഒന്നിച്ചായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയിൽ എല്ലാ വർഷവും പ്രസിഡന്റ് മാറുന്ന രീതിയുണ്ടായത്. ഈയടുത്താണ് ഞങ്ങൾക്ക് ഇത്രയും നീണ്ട സമയം പാർട്ടിയെ നയിക്കുന്ന നേതൃത്വത്തെ ലഭിച്ചത്.
നെഹ്റു കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ഭൂരിഭാഗം ആളുകളും വിചാരിക്കുന്നു. ബാലിശമായ കാഴ്ചപ്പാടാണത്. നിലവിലുള്ള രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഒരിക്കലും പാർട്ടിക്ക് അതിജീവിക്കാനാകില്ല. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും യഥാർത്ഥ പ്രതാപത്തിലേക്ക് പാർട്ടിയെ കൊണ്ടുപോകാനുമുള്ള സമയമാണിതെന്ന് നേതൃത്വത്തെ അറിയിക്കാൻ ഞങ്ങളിൽ ചിലർ കഠിനമായി ശ്രമിച്ചു. ഇന്ന് ഞാൻ സംസാരിക്കുന്നത് ഒരു വ്യക്തിയോടും ദേഷ്യം ഉള്ളതുകൊണ്ടല്ല. കോൺഗ്രസ് അനുകൂലിയായതുകൊണ്ടാണ് ഇന്ന് സംസാരിക്കുന്നത്. ഞാൻ ഒരിക്കലും മറ്റൊരു പാർട്ടിയിൽ ചേരില്ല. എന്റെ മൃതദേഹത്തിൽ ബി.ജെ.പി പതാക പുതപ്പിക്കുന്ന ഗതിയുണ്ടാകില്ല. എന്റെ ചിന്തകളിലും പ്രവർത്തനങ്ങളിലും ഒരു യഥാർത്ഥ കോൺഗ്രസുകാരനായി നിലനിൽക്കും. പക്ഷേ നേതാക്കൾ കേൾക്കാൻ തയ്യാറല്ലാത്തതിനാൽ കോൺഗ്രസ് ഈ രീതിയിൽ അധഃപതിക്കുന്നതും അതിന്റെ പ്രതാപം നഷ്ടപ്പെടുന്നതും എനിക്ക് കാണാൻ കഴിയില്ല.
കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഉള്ളിലല്ല കോൺഗ്രസുള്ളത്. നേതൃത്വത്തിന്റെ നോമിനികളാണ് പ്രവർത്തക സമിതിയിലെ അംഗങ്ങൾ. എന്നാൽ പ്രവർത്തക സമിതിക്ക് പുറത്തും കോൺഗ്രസുണ്ട്. പ്രവർത്തകരിൽനിന്നാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത് എങ്കിൽ അവർ ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കും. നാമനിർദ്ദേശത്തിലൂടെ ഈ സ്ഥാനത്ത് എത്തുന്നവർ അവരെ കൊണ്ടുവന്ന നേതാക്കൾക്ക് വേണ്ടിയാണ് സംസാരിക്കുക. ഞാൻ കോൺഗ്രസിന് പുറത്തല്ല. ഞാൻ കോൺഗ്രസിലാണ്. പക്ഷെ ഞാൻ പ്രവർത്തക സമിതിയിൽ ഇല്ല. കോൺഗ്രസിൽ ഉള്ള ഞങ്ങളെപ്പോലുള്ള ഒട്ടനവധി നേതാക്കൾക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. പ്രവർത്തക സമിതി ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നു എന്ന വാദം ശരിയാണെന്ന് ഞാൻ കരുതുന്നില്ല. രാജ്യത്തുടനീളം ധാരാളം കോൺഗ്രസുകാരുണ്ട്. കേരളത്തിൽനിന്നും അസമിൽനിന്നും ജമ്മു കശ്മീരിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ഉത്തർപ്രദേശിൽനിന്നും ഗുജറാത്തിൽനിന്നും പ്രവർത്തക സമിതിക്ക് പുറത്തും കോൺഗ്രസുണ്ട് എന്ന് വിചാരിക്കുന്ന നിരവധി നേതാക്കളുണ്ട്.
രാഹുൽ ഗാന്ധി കഴിവില്ലാത്ത നേതാവാണോ എന്ന ചോദ്യത്തിന് വ്യക്തികളെക്കുറിച്ചല്ല താൻ സംസാരിക്കുന്നത് എന്നായിരുന്നു കപിൽ സിബലിന്റെ മറുപടി. ഈ സംഭാഷണത്തിൽ വ്യക്തിപരമായ ഒരു ഘടകവും ഉൾപ്പെട്ടിട്ടില്ല. ഇത് പാർട്ടിയെയും പാർട്ടിയുടെ ഭാവിയെയും കുറിച്ചാണ്. ആരെയും വിമർശിക്കാനല്ല ഞാൻ ഇവിടെ വന്നത്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പക്ഷേ, കോൺഗ്രസിന്റെ സുവർണ്ണ പാരമ്പര്യം ഇല്ലാതാകാനും രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ അടിക്കുറിപ്പായി മാറാനും ആഗ്രഹിക്കാത്ത എന്നെപ്പോലെയുള്ള ഒരാൾക്ക് ഇത് വലിയ ആശങ്കയാണ്. അത് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് പുനരുജ്ജീവിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ, കോൺഗ്രസിൽ വിശ്വസിക്കുന്നവർ നേതൃത്വത്തിന്റെ റഡാറിന് പുറത്താണ്. വ്യക്തിപരമായ നേട്ടം നോക്കുന്നവരും കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ മൂല്യങ്ങളിൽ വിശ്വാസമില്ലാത്തവരും കോൺഗ്രസ് നേതാക്കളുടെ ചുറ്റുമുണ്ടായിരുന്നു. കോൺഗ്രസ് വിട്ടുപോയവരും നേതാക്കളുടെ വിശ്വസ്തരായിരുന്നു.
ഗാന്ധി കുടുംബത്തിലുള്ളവർ രാജിവെച്ചാൽ പിന്നെ ആര് പാർട്ടിയെ നയിക്കുമെന്ന ചോദ്യത്തിന് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണത് എന്നായിരുന്നു കപിൽ സിബലിന്റെ മറുപടി. ഗ്രേറ്റ് ബ്രിട്ടനെപ്പോലെ പക്വതയുള്ള ജനാധിപത്യം സ്വീകരിക്കുക എന്നതാണ് ഇതിനുള്ള ഉത്തരം. തെരഞ്ഞെടുപ്പിൽ തോറ്റ ഒരു നേതാവ് ബ്രിട്ടനിൽ തിരിച്ചു വന്നിട്ടുണ്ടോ? ബ്രിട്ടീഷ് പാർലമെന്റിന്റെ ചരിത്രത്തിൽ നഷ്ടപ്പെട്ട് തിരിച്ചുവന്ന ഒരാളുടെ പേര് പറയൂ. എനിക്ക് ശേഷം ആരാണ് എന്ന ചോദ്യം അവർ ചോദിച്ചിട്ടുണ്ടോ? അവർ ഒരിക്കലും തിരിച്ചുവരില്ല. യൂറോപ്യൻ ജനാധിപത്യ രാജ്യങ്ങളിലും അങ്ങനെ തന്നെ. തെരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സിക്ക് സ്വീകാര്യമായ ആർക്കും പ്രസിഡന്റാകാം. ലോക്സഭയിൽ ശശി തരൂരിനെയും മനീഷ് തിവാരിയെയും കോൺഗ്രസ് മുതലെടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. പി ചിദംബരത്തിന്റെ കഴിവ് ഉപയോഗിക്കാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ്. ബജറ്റിനെ കുറിച്ച് സംസാരിക്കുന്നതിലും പാർട്ടിക്ക് വേണ്ടിയുള്ള പ്രമേയങ്ങൾ തയ്യാറാക്കുന്നതിലും മാത്രമല്ല അദ്ദേഹത്തിന്റെ കഴിവ്. അതിനപ്പുറമാണ്. മുന്നിൽനിന്ന് നയിക്കാൻ അദ്ദേഹത്തെ രാജ്യസഭയിൽ പാർട്ടി ഉപയോഗിച്ചില്ല.
കോൺഗ്രസ് തങ്ങളുടെ പക്കലുള്ള സ്വത്തുക്കൾ പാർട്ടിയുടെ പുനരുജ്ജീവനത്തിനായി ഉപയോഗിക്കുന്നില്ല. സ്വയം വിചാരിക്കാതെ അതിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ പാർട്ടിക്ക് കഴിയില്ല. വ്യക്തിതലത്തിൽ നേതൃത്വവുമായി പ്രശ്നങ്ങളൊന്നുമില്ല. അവർ വളരെ മര്യാദയുള്ളവരാണ്, വളരെ നല്ലവരാണ്. പക്ഷേ നമ്മൾ സംസാരിക്കുന്നത് രാഷ്ട്രീയത്തെക്കുറിച്ചാണ്. 1990-കളിൽ സീതാറാം കേസരി പോയതിനുശേഷം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രീമതി ഗാന്ധി പ്രധാന പങ്കുവഹിച്ചു എന്ന വസ്തുതയും ഞാൻ അംഗീകരിക്കേണ്ടതുണ്ട്. 2004 ലും പിന്നീട് 2009 ലും പാർട്ടിയെ അധികാരത്തിലെത്തിച്ചതിന് അവരുടെ പ്രയത്നങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും കപിൽ സിബൽ ചോദിച്ചു.