ദമസ്‌കസ്- സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നതിനിടെ, വിമത നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ഗൗത്തയില്‍നിന്ന് വന്‍തോതില്‍ പലായനം. ആയിരക്കണക്കിനാളുകളാണ് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ് പ്രാന്തത്തിലുള്ള പട്ടണം വിടുന്നത്. സ്ത്രികളും കുട്ടികളുമടക്കം ഹമൂരിയ പട്ടണം വിടുന്ന ദൃശ്യങ്ങള്‍ സിറിയയിലെ ഔദ്യോഗിക ടെലിവിഷന്‍ കാണിച്ചു. പ്രദേശം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനുശേഷമുള്ള ഏറ്റവും വലിയ പലായനമാണിത്.
അതിനിടെ, ദുരിതാശ്വാസ വസ്തുക്കളുമായി 25 ലോറികള്‍ ദൗമ പട്ടണത്തിലെത്തി. കിഴക്കന്‍ ഗൗത്തയില്‍ ആവശ്യമായ ദുരിതാശ്വാസ വസ്തുക്കളുടെ ചെറിയ ഭാഗം മാത്രമാണിതെന്ന് ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസ് കമ്മിറ്റി പറഞ്ഞു. ഗൗത്തയില്‍ നാല് ലക്ഷത്തോളം ജനങ്ങളാണ് മരുന്നും ഭക്ഷണവുമില്ലാതെ വലയുന്നത്.
കഴിഞ്ഞ മാസം 18 മുതല്‍ സിറിയന്‍ സേനയും സഖ്യസേനകളും കിഴക്കന്‍ ഗൗത്തയില്‍ ബോംബാക്രമണം ശക്തമാക്കിയതിനുശേഷം 1,100 പേരാണ് കൊല്ലപ്പെട്ടത്.
സിറിയയിലെ ആഭ്യന്തര യുദ്ധം എട്ടാം വര്‍ഷത്തിലെത്തിയിരിക്കെ ഇതുവരെ മൂന്നരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 15 ലക്ഷത്തോളം ജനങ്ങളാണ് വികലാംഗരായത്. സിറിയയിലും വിദേശ രാജ്യങ്ങളിലുമായി ഒരു കോടിയിലേറെ പേര്‍ അഭയാര്‍ഥികളായി കഴിയുന്നു.