Sorry, you need to enable JavaScript to visit this website.

സൗന്ദര്യത്തോടൊപ്പം അഭിനയ കഴിവും അംഗീകരിക്കപ്പെട്ടു; ഹാപ്പിയാണെന്ന് പൂജ ഹെഗ്‌ഡെ

മുംബൈ- രാജ്യത്തിന്റെ എല്ലാ മേഖലകളിലും സ്വീകാര്യത നേടാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്നും അപ്രതീക്ഷിതമാണെന്നും നടി പൂജ ഹെഗ്‌ഡെ.
ബാഹുബലി ഫെയിം പ്രഭാസിനോടൊപ്പം അഭിനയിച്ച 'രാധേ ശ്യാം' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. ബോളിവുഡ് സിനിമകളില്‍ കൂടുതല്‍ വേഷം ചെയ്യാന്‍ തിരക്കില്ലെന്നും അവസരങ്ങള്‍ വന്നുകൊള്ളുമെന്നും നടി പറഞ്ഞു.
രാജ്യത്തുടനീളം ആരാധകവൃന്ദത്തെ കണ്ടെത്തണമെന്നത് കരിയര്‍ തന്ത്രമായിരുന്നില്ല. മറിച്ച് അങ്ങനെ സംഭവിച്ചതാണെന്നും പൂജ കൂട്ടിച്ചേര്‍ത്തു.
2016ല്‍ 'മോഹന്‍ജൊ ദാരോ' എന്ന ചിത്രത്തിലൂടെ ഹൃത്വിക് റോഷനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും  പൂജ പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലാണ് വിജയിച്ചത്.
ഇപ്പോള്‍ 'രാധേ ശ്യാം' ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്തതോടെയാണ്  അഭിനയത്തിന് പ്രശംസ നേടിയത്. ഇതുവരെ തന്റെ സൗന്ദര്യത്തെ കുറിച്ചാണ് ആളുകള്‍ വാഴ്ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അഭിനയശേഷിയും അംഗീകരിക്കപ്പെട്ടുവെന്ന് പൂജ പറഞ്ഞു.
ആരാധകരുമായി ബന്ധപ്പെടുന്നതില്‍ ഭാഷ ഒരിക്കലും തടസ്സമായിട്ടില്ല.  തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയച്ചു തുടങ്ങിയപ്പോള്‍, കാര്യമായ തന്ത്രങ്ങള്‍ മെനയാതെ ഒഴുക്കിനൊപ്പം നീങ്ങുകയായിരുന്നു. എല്ലാ പ്രദേശങ്ങളിലും പ്രേക്ഷകര്‍ സ്വീകരിച്ചത് വലിയ അനുഗ്രഹമാണ്. ബഹുഭാഷാ സിനിമയായ 'രാധേ ശ്യാം' അഭിനയ ജീവിതത്തില്‍ പ്രധാന സംഭവമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായിരുന്നു. തുടര്‍ന്ന് മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ അഭിനയരംഗത്തേക്ക് കടന്നു.

തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയിൽ അഭിനയിച്ചു. 2016ൽ ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹൻജൊ ദാരോ എന്ന  ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

Latest News