ന്യൂദല്‍ഹി- ഡോളര്‍ ഉപേക്ഷിച്ച് സ്വന്തം കറന്‍സി ഉപയോഗിച്ച് റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കാന്‍ ഇന്ത്യ. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടായേക്കും. റഷ്യന്‍ ബാങ്കുകള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയതോടെ നടത്തിയ ഇടപാടുകളിലെ പണം കിട്ടാതെ വലഞ്ഞിരിക്കുകയാണ് ഇന്ത്യക്കാരായ കയറ്റുമതിക്കാര്‍. ഏകദേശം 500 മില്യണ്‍ ഡോളറിന്റെ പേയ്മെന്റുകള്‍ ഇത്തരത്തില്‍ കിട്ടാനുണ്ടത്രേ. ഇതോടെയാണ് റൂബിളും രൂപയുമായി ബന്ധപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാവുമോ എന്ന ചിന്ത ഉരുത്തിരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ബാങ്കുകളുമായും ബാങ്കിംഗ് രംഗത്തെ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
10.8 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഉപരോധം ശക്തമാക്കിയതോടെ ഇതില്‍ ഇടിവുകള്‍ ഉണ്ടാവുകയും ഇന്ത്യയില്‍ പണപ്പെരുപ്പത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് പെട്ടെന്നുള്ള പുതിയ നീക്കത്തിന് ഇന്ത്യന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഇനങ്ങളുടെ ലിസ്റ്റും രാജ്യം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.